ലോക്സഭാ തെരഞ്ഞെടുപ്പ്; ലീഗ് ഇടയുന്നു, മൂന്നാം സീറ്റ് വേണമെന്നാവശ്യം

മലപ്പുറത്തിനുപുറമെ മറ്റൊരു സീറ്റ് കൂടി വേണമെന്നാണ് ലീഗ് നേതൃത്വത്തിന്റെ ആവശ്യം.

0
1114

മലപ്പുറം: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ മുസ്ലിംലീഗ് നേതൃത്വം. മലപ്പുറം ജില്ലക്ക് പുറമെ വടക്കൻ കേരളത്തിൽ പുതുതായി ഒരു സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഇക്കാര്യം അടുത്ത യു ഡി എഫ് യോഗത്തിൽ ശക്തമായി ഉന്നയിക്കാനും തീരുമാനിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും സമാന ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും കോൺഗ്രസ് അത് അനുവദിച്ചില്ല. മൂന്നാമത്തെ സീറ്റിന്റെ കാര്യത്തിൽ ഇക്കുറി വിട്ടുവീഴ്ച വേണ്ടെന്നും യുഡിഎഫിൽ തീരുമാനമുണ്ടാക്കണമെന്നുമാണ് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്.

വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഏതെങ്കിലും ഒരു സീറ്റാണ് ലീഗ് ആവശ്യപ്പെടുന്നത്. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുകയാണെങ്കിൽ കാസർകോട് സീറ്റ് ചോദിക്കാനാണ് തീരുമാനം. രാഹുൽ ഇല്ലാത്തപക്ഷം വയനാട് വേണമെന്നതിൽ ഉറച്ചുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിൽ കോൺഗ്രസിനേക്കാളേറെ മുസ്ലിംലീഗ് വോട്ടുകളാണ് യുഡിഎഫിന്റെ വിജയം നിർണയിക്കുന്നതെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. എം ഐ ഷാനവാസ് മത്സരിച്ച സമയത്ത് തന്നെ വയനാടിന്റെ കാര്യത്തിൽ തീരുമാനം വേണമെന്ന് നേരത്തെ ലീഗ് പറഞ്ഞിരുന്നതായും പിന്നീട് രാഹുൽഗാന്ധി വന്നപ്പോൾ വിട്ടുവീഴ്ചക്ക് തയ്യാറായതാണെന്നും മുതിർന്ന ലീഗ് നേതാവ് പ്രതികരിച്ചു.

നിലവിൽ വയനാട് മണ്ഡലത്തിൽ ലീഗും കോൺഗ്രസും അത്ര നല്ല രസത്തിലല്ല. പലപ്പോഴും ലീഗിനെ ഇവിടെ മാറ്റിനിർത്തുന്ന പ്രവണതയാണ് കോൺഗ്രസ് നേതാക്കൾ കാട്ടുന്നതെന്ന് ലീഗ് നേതാവ് ചൂണ്ടിക്കാട്ടി. രാഹുലിന്റെ അയോഗ്യത നീക്കിയശേഷം മണ്ഡലത്തിലെത്തിയപ്പോൾ സ്വീകരണച്ചടങ് വെറും കോൺഗ്രസ് പരിപാടിയാക്കി മാറ്റി. മാത്രമല്ല, ലീഗിനെ ചടങ്ങിലേക്ക് ക്ഷണിക്കുകപോലുമുണ്ടായില്ല. ഇതിലൊക്കെ തങ്ങളുടെ പ്രവർത്തകർ ഇപ്പോഴും അസംതൃപ്തരാണെന്നും നേതാക്കൾ പറയുന്നു. ലീഗിന്റെ വോട്ട് കിട്ടിയിട്ട് തന്നെയാണ് കോൺഗ്രസ് പലയിടത്തും ജയിക്കുന്നത് എന്ന ധാരണ ചില കോൺഗ്രസ് നേതാക്കൾ മനഃപൂർവം മറക്കുന്നതായും ഈ നേതാക്കൾ പറയുന്നു.

കേവലം മലപ്പുറം പാർട്ടിയെന്ന തരത്തിൽ ചില കോൺഗ്രസ് നേതാക്കൾ തന്നെ ഇപ്പോൾ മുസ്ലിംലീഗിനെ പരിഹസിക്കുന്നുണ്ട്. അത് മാറ്റിയെടുത്തേ പറ്റുകയുള്ളുവെന്ന് കഴിഞ്ഞതവണ ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. വിഷയം പഠിക്കാമെന്നും എപ്പോഴേ എടുത്തുചാടി പ്രതികരിക്കേണ്ട എന്നുമായിരുന്നു സംസ്ഥാന നേതാക്കളുടെ മറുപടി. വിഷയത്തെ യുഡിഎഫ് നേതൃയോഗത്തിലും സംസ്ഥാന യോഗത്തിലും അവതരിപ്പിക്കാമെന്നും നേതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മലപ്പുറം ജില്ലക്ക് പുറത്ത് മറ്റൊരു ലോക്‌സഭ സീറ്റ് ആവശ്യപ്പെടാൻ തീരുമാനിച്ചത്. നിലവിൽ പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലാണ് മുസ്ലിംലീഗിന് ലോക്സഭാ സീറ്റുകളുള്ളത്. യഥാക്രമം ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി എന്നിവരാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പി വി അബ്ദുള്‍ വഹാബാണ് ലീഗിന്റെ രാജ്യസഭ എംപി.  ഇക്കഴിഞ്ഞ 15ന് പൊന്നാനി, 16ന് മലപ്പുറം മണ്ഡലങ്ങളിലെ യോഗം ചേർന്നിരുന്നു. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂർ എന്നിവിടങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ യോഗവും 16ന് നിലമ്പൂരിൽ ചേർന്നു. എല്ലാ യോഗങ്ങളിലും നിലവിലുള്ളതിനുപുറമെ ഒരു സീറ്റ് കൂടി വേണമെന്ന അഭിപ്രായമാണ് ഉയർന്നുവന്നത്.

English Summary: The league leadership wants another seat besides Malappuram.