‘ബോക്‌സ്‌ ഓഫീസ്‌ കാ കിങ്‌’; 1000 കോടി നേടി ജവാൻ

കിംഗ് ഖാൻ ചിത്രം റെക്കോർഡുകൾ തകർത്താണ്‌ പണം വാരുന്നത്.

0
436

ഇന്ത്യൻ സിനിമയുടെ തലവര വീണ്ടും മാറ്റിവരച്ച്‌ ഷാരൂഖ് ഖാൻ. അടിമുടി ഷാരൂഖ്‌ ഷോയുമായി എത്തിയ താരത്തിന്റെ മാസ് പടം ‘ജവാൻ’ 1000 കോടി ക്ലബിൽ എത്തി. സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം 18 ദിവസം കൊണ്ടാണ്‌ 1000 കോടിയിലേക്ക് എത്തിയത്‌. ആദ്യ ദിനം മുതൽ ​ഗംഭീര കളക്ഷനോടെ തുടങ്ങിയ കിംഗ് ഖാൻ ചിത്രം ബോളിവുഡിലെ റെക്കോർഡുകൾ തകർത്താണ്‌ പണം വാരുന്നത്. തുടർച്ചയായി 1000 കോടി നേടുന്ന താരമായി ജവാനിലൂടെ ഷാരൂഖ്‌ മാറി. ജവാന്‌ മുമ്പ്‌ ഇറങ്ങിയ ‘പഠാൻ’ 1000 കോടി നേടിയിരുന്നു.

1004.92 കോടി രൂപ ജവാൻ സ്വന്തമാക്കിയെന്ന്‌ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് അറിയിച്ചു. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ജവാൻ ഇന്ത്യയിൽ നിന്ന്‌ മാത്രം 569 കോടിയാണ്‌ സ്വന്തമാക്കിയത്. ആദ്യദിനം 129 കോടി നേടി ഈ വർഷം ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിം​ഗ് എന്ന റെക്കോർ‌ഡും നേടിയിരുന്നു.

ജവാനെ കൂടാതെ ആമിർ ഖാന്റെ ദംഗൽ, ആർആർആർ, പത്താൻ എന്നിവയാണ് 1000 കോടി ക്ലബിൽ കയറിയ മറ്റ് ഇന്ത്യൻ ചിത്രങ്ങൾ. സംവിധായകൻ അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമെന്ന നിലയിൽ ഏറ്റവും മികച്ച തുടക്കമാണ് ജവാനിലൂടെ ഹിന്ദി സിനിമയിൽ സംഭവിച്ചിരിക്കുന്നത്. നയൻതാര നായികയായ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.

English Summary: Shah Rukh Khan’s blockbuster breaks Pathaan’s record.