തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണമെത്തി?; പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

എറണാകുളം, വയനാട്, തൃശൂർ, മലപ്പുറം, ചാവക്കാട്, കുമ്പളം എന്നിവിടങ്ങളിലായി ഒരേസമയം 12 സ്ഥലത്താണ് റെയ്ഡ് നടത്തുന്നത്.

0
136

കൊച്ചി: കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരോധിത സംഘടനയായ പി എഫ് ഐ കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്. എറണാകുളം, തൃശൂർ, വയനാട്, മലപ്പുറം, ചാവക്കാട്, കുമ്പളം എന്നിവിടങ്ങളിലെ 12 ഇടങ്ങളിലാണ് ഒരേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ്‌ നടത്തുന്നത്. ട്രസ്റ്റുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ്. ട്രസ്റ്റുകളുടെ പേരിലേക്കാണ് പിഎഫ്‌ഐ നേതാക്കൾ പണം വിദേശത്തു നിന്നും സ്വീകരിക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന. എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ ഡൽഹി, കൊച്ചി യൂണിറ്റുകൾ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.

കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന. നേരത്തെ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികൾ ഇത് സംബന്ധിച്ച് മൊഴി നൽകിയിരുന്നു. ഇവരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ റെയ്ഡ് തുടങ്ങിയത്. നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് പരിശോധന തുടരുന്നത്. പിഎഫ്‌ഐ കേന്ദ്രങ്ങളിൽ നേരത്തെ എൻഐഎ വ്യാപക റെയ്ഡ് നടത്തി നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

ഹവാല പണമിടപാടിന് ചുക്കാൻ പിടിച്ച പിഎഫ്ഐ മുൻനേതാവ് ചാവക്കാട് മുനയ്ക്കകടവിൽ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഇ ഡി കൊച്ചി ഓഫീസിൽ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്. എസ്‌ഡിപിഐ നേതാവ് നൂറുൽ അമീന്റെ അരീക്കോട്ടെ വീട്, മഞ്ചേരി സ്വദേശി അബ്ദുൽ ജലീലിന്റെ വീട്, മഞ്ചേരി കാരാപറമ്പ് സ്വദേശി ഹംസയുടെ വീട് എന്നിവിടങ്ങളിൽ റെയ്ഡ് തുടരുകയാണ്. കുമ്പളത്ത് പിഎഫ്ഐ നേതാവ് ജമാലിന്റെ വീട്ടിലും പരിശോധന നടക്കുന്നു. മഞ്ചേരി കിഴക്കേതലയിലും, കാരാപറമ്പ് ഷാപ്പിൻകുന്നിലും റെയ്ഡ് പുരോഗമിക്കുന്നു. മൂർക്കനാട് സ്കൂളിലെ അറബിക് അധ്യാപകനാണ് നൂറുൽ അമീൻ.

പിഎഫ്ഐ നിരോധന ശേഷവും പണമൊഴുകി. ഏറ്റവും കൂടുതൽ പണമൊഴുകിയത് കേരളത്തിലെന്ന് ഇ ഡി കണ്ടെത്തൽ. എസ്ഡിപിഐ പ്രവർത്തകനായ ഷാപ്പിൻകുന്ന് സ്വദേശിയെ ഇഡി കഴിഞ്ഞ ദിവസം ബസപ്പെട്ടിരുന്നതായാണ് വിവരം. സാമ്പത്തിക സ്രോതസുകളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. വയനാട് മാനന്തവാടി ചെറ്റപ്പാലം സ്വദേശി മുഹമ്മദ് സമദിന്റെ വീട്ടിലാണ് ഇഡി റെയ്ഡ് തുടരുന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ഇഡി റെയ്ഡ്. രാവിലെ ഏഴുമണിക്കാണ് റെയ്ഡ് ആരംഭിച്ചത്.

കഴിഞ്ഞ ഓ​ഗസ്റ്റിൽ മഞ്ചേരി ​ഗ്രീൻവാലിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലനകേന്ദ്രം എന്‍ഐഎ സംഘം കണ്ടുകെട്ടിയിരുന്നു. ഈ കെട്ടിടം പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ. സായുധ പരിശീലനത്തിനും ഈ കേന്ദ്രം മറയാക്കിയെന്നും എൻഐഎ പറയുന്നു. ജീവകാരുണ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറവിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്.

ഇതിനുപുറമെ മലബാര്‍ ഹൗസ്, പെരിയാര്‍ വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍റ് സർവീസ് ട്രസ്റ്റ് തുടങ്ങിയ കേന്ദ്രങ്ങളും എൻഐഎ കണ്ടുകെട്ടിയിരുന്നു. പ്രവർത്തകർക്കും കേഡർമാർക്കും അംഗങ്ങൾക്കും പിഎഫ്‌ഐയുടെ പ്രത്യയശാസ്ത്ര പരിശീലനം ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്നുവെന്നായിരുന്നു എൻഐഎ കണ്ടെത്തൽ.

English Summary: Enforcement Directorate is conducting simultaneous raids in 12 places.