തിരുവനന്തപുരം: സിപിഐ എം നേതാക്കളുടെ ഭാര്യമാരെയും ഇടതുപക്ഷ വനിതാ നേതാക്കളെയും പ്രവര്‍ത്തകരേയും ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിന് ആഹ്വാനവും നടത്തിയ കോണ്‍ഗ്രസ് നേതാവ് ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന അബിൻ എന്ന അബിൻ കോടങ്കര വീണ്ടും അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. പാലക്കാടുള്ള വനിതാ നേതാവിന്റെ വ്യാജനഗ്ന വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ നഗ്ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു എന്നാണ് പരാതി. കെ എസ് യു നെയ്യാറ്റിൻകര മണ്ഡലം വൈസ് പ്രസിഡന്റും കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റുമാണ് ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേരിലറിയപ്പെടുന്ന അബിന്‍ കോടങ്കരയെന്ന ഞരമ്പുരോഗി.
ആദ്യത്തെ കേസിൽ ജാമ്യം ലഭിച്ച എബിൻ സൈബർ പൊലിസ് സ്റ്റേഷനിൽ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാനെത്തിയപ്പോഴാണ് പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റെന്ന് ശ്രീകൃഷ്ണപുരം പൊലീസ് പറഞ്ഞു. കോൺഗ്രസിന്റെ ‘സ്വന്തം കുഞ്ഞച്ചനെതിരെ’ പാലക്കാട് ജില്ലയിൽ സമാനമായ മറ്റൊരു കേസും കൂടിയുണ്ട്.
തിരുവനന്തപുരം ഡിസിപി നിതിന്‍രാജിന്റെ നേതൃത്വത്തലുള്ള പ്രത്യേകാന്വേഷണ സംഘം സമാന കേസിൽ അബിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചാണ്ടി ഉമ്മൻ എന്നിവരുമായി അടുത്ത ബന്ധമുള്ള കോൺഗ്രസിന്റെ സൈബർ മുഖമാണ് അബിൻ കോടങ്കര.
എ എ റഹീം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച യുവജന നേതാവ് പി ബിജുവിന്റെ ഭാര്യ ഹര്‍ഷ, തിരുവനന്തപുരം സ്വദേശി സിന്ധു ജയകുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലായിരുന്നു നേരത്തെ അറസ്റ്റ്. രണ്ടാഴ്‌ച മുമ്പാണ് കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗീകാതിക്രമത്തിനുള്ള ആഹ്വാനവുമായി പോസ്റ്റുകളിട്ടത്. പൊലീസില്‍ പരാതിപ്പെട്ടുവെന്നറിഞ്ഞിട്ടും ഇയാള്‍ അശ്ലീല പോസ്റ്റുകളിടുന്നത് തുടരുകയായിരുന്നു.
ഈ കേസിൽ പ്രതിക്ക് ജാമ്യമെടുക്കാൻ കോടതിയിലെത്തിയത് കോൺഗ്രസ് അഭിഭാഷകരായിരുന്നു. കോൺഗ്രസ് ഐടി സെൽ കൺവീനർ എസ് സരിനായിരുന്നു ജാമ്യത്തിനായി ഇടപെട്ടത്. ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ മൃദുൽ ജോണിന്റെ ഓഫീസാണ് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തത്. രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മൻ, ഉമ്മൻചാണ്ടി, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പ്രതിക്ക് കോടതി കർശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരത്തെ കേസിൽ ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങളിൽ പുതിയ പോസ്റ്റുകൾ ഇടരുതെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നു.
English Summary: Another complaint from Palakkad against Abin Kodankara.