കാസര്‍കോട്: കാസര്‍കോട് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സഹോദരിമാരടക്കം അഞ്ചുപേർ മരിച്ചു. ബദിയടുക്ക പള്ളത്തടുക്കയിലാണ് നാടിനെ നടുക്കിയ അപകടം. ഓട്ടോഡ്രൈവർ തായലങ്ങാടി സ്വദേശിയും മൊഗ്രാൽപുത്തൂർ മൊഗറിൽ താമസക്കാരനുമായ എ എച്ച് അബ്‌ദുൾ റൗഫ് (58), മൊഗ്രാൽപുത്തൂർ ദടുപ്പയിലെ ഷെയ്ക്ക് അലിയുടെ ഭാര്യ ബീഫാത്തിമ (60), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (50), ഇസ്മയിലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. ഇതിൽ ഉസ്മാന്റെ ഭാര്യ ബീഫാത്തിമയും ഉമ്മു ഹലീമയും സഹോദരിമാരാണ്.
മാന്യ ഗ്ലോബൽ പബ്ലിക് സ്‌കൂളിൻ്റെ ബസ് കൂട്ടികളെ പെർളയിൽ ഇറക്കി തിരിച്ചു വരുമ്പോഴാണ് മൊഗ്രാൽപുത്തൂർ മൊഗറിൽ നിന്നും പെർളയിലെ മരണവീട്ടിലേക്ക് സ്ത്രീകളെയും കയറ്റി പോകുകയായിരുന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസിൽ ഇടിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. സ്‌കൂൾ കുട്ടികളെയെല്ലാം ഇറക്കിക്കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നു സ്‌കൂൾ ബസ്.
മരിച്ച എല്ലാവരും ബന്ധുക്കളാണ്. ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേർ തൽക്ഷണം മരിച്ചു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ ഒരു ഭാഗം നിശേഷം തകർന്നു. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറിലേറെ ബദിയടുക്ക- പെർള റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.
English Summary: Auto driver and four passengers died.