ബെംഗളൂരു-മൈസൂരു ദേശീയപാതയില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

0
241

ബംഗളൂരു: ബംഗളൂരു-മൈസൂരു ദേശീയ പാതയില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ചന്നപട്ടണ ടൗണ്‍ സ്വദേശികളായ രണ്ട് യുവാക്കളാണ് പോലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് 5 സ്വര്‍ണമാലകളും 2 ബൈക്കുകളും പോലീസ് കണ്ടെടുത്തു.

നാലു കവര്‍ച്ചകളില്‍ ഇവര്‍ക്ക് പങ്കുള്ളതായാണ് പോലീസിന്റെ കണ്ടെത്തല്‍. ആഗസ്റ്റ് 12-നുമാത്രം രണ്ടു കവര്‍ച്ചകളാണ് സംഘം നടത്തിയത്. പുലര്‍ച്ചെ 12.30-നും 1.20-നും ഇടയിലും യാത്രക്കാരെ കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതി.

അതേസമയം, ഇവരുടെ ഒപ്പമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. ദേശീയപാതയില്‍ രാത്രികാലങ്ങളില്‍ കവര്‍ച്ചയ്ക്കിരയാകുന്നവരുടെ എണ്ണം കുത്തനെ കൂടിയതോടെ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.ജി.പി. അലോക് കുമാര്‍ രാമനഗര പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് കര്‍ശന നടപടി സ്വീകരിച്ചത്.