‘ജോർജ് നല്ലൊരു രാഷ്ട്രീയക്കാരനായിരുന്നു, അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖമുണ്ട്’; ആകെ പെട്ട് കെ സുധാകരൻ

സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുമ്പോഴാണ് സുധാകരൻ അബദ്ധത്തിൽച്ചാടിയത്.

0
3830

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ ജി ജോർജിനെ പൊതുപ്രവർത്തകനായും നല്ല രാഷ്ട്രീയക്കാരനായും ചിത്രീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതികരിക്കുമ്പോഴാണ് സുധാകരൻ അബദ്ധത്തിൽ ചെന്നുചാടിയത്. അതുല്യ സംവിധായകനെ പൊതുപ്രവർത്തകനാക്കിയ സുധാകരന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായി.

കെ ജി ജോർജിൻ്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകരോടുള്ള സുധാകരന്റെ മറുപടി ഇങ്ങനെ.

മാധ്യമപ്രവർത്തകൻ: കെ ജി ജോർജിന്റെ മരണത്തിൽ..
കെ സുധാകരൻ: ങേ… ങേ…
മാധ്യമപ്രവർത്തകൻ: കെ ജി ജോർജ് മരണപ്പെട്ടിരിക്കുകയാണല്ലോ. അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ച്.
കെ സുധാകരൻ: പിന്നെ വിയോഗം, ഓ… ജോർജിന്റെ അദ്ദേഹത്തെ ഓർക്കുന്നെ… ഓർക്കുമ്പോൾ… ഓർക്കാനൊരുപാടുണ്ട് അദ്ദേഹത്തെക്കുറിച്ച്. നല്ലൊരു പൊതുപ്രവർത്തകനായിരുന്നു. നല്ല രാഷ്ട്രീയനേതാവായിരുന്നു. കഴിവും പ്രാപ്‌തിയും ഉള്ള ഒരാളാണ്. അദ്ദേഹത്തെക്കുറിച്ച്‌ ഞങ്ങൾക്കൊന്നും ഒരു മോശം അഭിപ്രായമില്ല. അതുകൊണ്ട് ഞങ്ങക്ക് അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ ദുഃഖപരാ.. ഞങ്ങൾക്ക് ദുഃഖമുണ്ട്.

സുധാകരന്റെ അനുശോചനം കേൾക്കുമ്പോൾ തൊട്ടുപിന്നിൽ നിൽക്കുന്ന സഹചാരി അടുത്തേക്ക് വന്നു തിരുത്താൻ കയ്യെടുക്കുന്നത് കാണാം. എന്നാൽ, മാധ്യമപ്രവർത്തകർ തങ്ങളുടെ കോൺഗ്രസ് കരുതലും വിധേയത്വവും അവിടെയും കാണിച്ചു. കൂടുതലൊന്നും ചോദിക്കാതെ മൈക്കുകൾ മാറ്റുകയും ചെയ്തു.

മാധ്യമപ്രവർത്തകരോടുള്ള സുധാകരന്റെ മറുപടി ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ശരിക്കും മരിച്ചത് കെ ജി ജോർജ്, കെ സുധാകരൻ അനുശോചനം രേഖപ്പെടുത്തിയത്‌ പി സി ജോർജിന്’, ‘ഇന്ദിരാഭവൻ ജാഗ്രതേ, പി സി ജോർജ് തോക്കുമായി ഇറങ്ങിയിട്ടുണ്ട്’, ‘എന്തായാലും പി സിക്ക് ആശ്വസിക്കാം. തൻ്റെ മരണശേഷം കെപിസിസി പ്രസിഡൻ്റ് എന്ത് പറയുമെന്ന് നേരിൽ കേൾക്കാനായി’ എന്നിങ്ങനെ പോകുന്നു സുധാകരനെ ട്രോളിയുള്ള കമന്റുകൾ. സുധാകരൻ ജോർജ്‌ എന്ന്‌ പേരുള്ള വേറെ ഒരാളെക്കുറിച്ചാണ്‌ സംസാരിക്കുന്നതെന്നാണ്‌ സമൂഹമാധ്യമങ്ങളിൽ ചിലർ ട്രോളുന്നത്‌. അറിയില്ല എങ്കിൽ അതങ്ങ്‌ പറഞ്ഞാൽപ്പോരെ എന്നും ചിലർ ചോദിക്കുന്നു. ‘ജീവിച്ചിരിക്കുമ്പോഴേ മരണപ്പെട്ടാൽ കേൾക്കുന്ന നല്ല വാക്ക് കേൾക്കാൻ ഭാഗ്യം ചെയ്തവൻ’ എന്നും ‘ഞാൻ ചത്തിട്ടില്ലെന്ന് ഡാഷ് മകനോട് പറഞ്ഞേക്കെന്ന് പി സി ജോർജ്’ എന്നിങ്ങനെ പി സി ജോർജിനെ ട്രോളിയും കമന്റുകളും ട്രോളുകളും പറപറക്കുകയാണ്.

English Summary: Social media trolls K Sudhakaran.