‘വിളിച്ചുവരുത്തി അപമാനിച്ചു’; വന്ദേഭാരത് ഫ്ളാഗ് ഓഫ് ചടങ്ങിൽനിന്ന്‌ ലീഗ്‌ എംഎൽഎ ഇറങ്ങിപ്പോയി

വന്ദേഭാരതിന്റെ ആദ്യ സർവീസിന്റെ യാത്രയയപ്പിന് നിൽക്കാതെയാണ് എംഎൽഎ ചടങ്ങ് ബഹിഷ്ക്കരിച്ചത്.

0
174

കാസർകോട്: കാസർകോട് – തിരുവനന്തപുരം രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസ് ഫ്ളാഗ് ഓഫ് ചടങ്ങിൽ നിന്ന് എംഎൽഎ ഇറങ്ങിപ്പോയി. കാസർകോട് എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ എൻ എ നെല്ലിക്കുന്നാണ് ഫ്ളാഗ്ഓഫ് ചടങ്ങിന് കാത്തുനിൽക്കാതെ വേദിയിൽനിന്നും ഇറങ്ങിപ്പോയത്.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്.

ചടങ്ങിലേക്ക് വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ഓൺലൈനായി രാജ്യത്തെ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്യുന്നതിനും കാസർകോട് നിന്ന് വന്ദേഭാരതിന്റെ ആദ്യ സർവീസിന്റെ യാത്രയയപ്പിനും നിൽക്കാതെയാണ് എംഎൽഎ ഇറങ്ങിപ്പോയത്. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സംസാരിച്ചു കഴിഞ്ഞയുടൻ 12.15 ന് ചടങ്ങ്‌ അവസാനിപ്പിച്ചതോടെയാണ് ക്ഷുഭിതനായ എംഎൽഎ ചടങ്ങ് ബഹിഷ്ക്കരിച്ചത്.

എംഎല്‍എക്ക് പുറമേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാസർകോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. മുനീർ എന്നിവര്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

English Summary: N A Nellikkunn MLA protest in Vande Bharat flag off programme.