കേരളത്തിന്റെ രണ്ടാം വന്ദേഭാരത് സർവീസ് തുടങ്ങി; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയിൽ പുതിയതായി സർവീസ് തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് സർവീസുകളുടെ ഉദ്‌ഘാടനവും നിർവഹിച്ചു.

0
117

കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിച്ചു. ഇന്ത്യയിൽ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തിയത്. വീഡിയോ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്.

ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കി റെയില്‍വേയെ കൂടുതല്‍ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചടങ്ങിൽ പറഞ്ഞു. രാജ്യത്തിന്റെ പുതിയ പ്രതീക്ഷയുടെ പ്രതീകമാണ് വന്ദേഭാരതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടിയിൽ അധികം യാത്രക്കാർ വന്ദേഭാരത് ട്രെയിനുകളിൽ രാജ്യത്ത് യാത്ര ചെയ്തു. രാജ്യത്ത് എല്ലായിടത്തേക്കും ഇനി വന്ദേ ഭാരത് സർവീസുകൾ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഫ്ളാഗ്ഓഫ് ചടങ്ങിന് പിന്നാലെ കാസർകോട് നിന്നുള്ള വന്ദേഭാരത് സർവീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ഫ്ളാഗ്ഓഫ് ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രി വി അബ്ദുറഹിമാന്‍, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി തുടങ്ങിയവർ പങ്കെടുത്തു. ആദ്യ യാത്രയിൽ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് യാത്ര ചെയ്യുന്നത്.

ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്നാണ് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സര്‍വീസ് ആരംഭിക്കുക. ബുധനാഴ്ച കാസര്‍കോട് നിന്നും സർവീസ് നടത്തും . ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വീസ് നടത്തുക. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടു നിന്നും സര്‍വീസ് നടത്തും. കണ്ണൂർ,കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ജംങ്ഷൻ, ആലപ്പുഴ, കൊല്ലം സ്റ്റേഷനുകൾക്ക് പുറമെ തിരൂരിലും രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പുണ്ടാകും.

കാസർകോട് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് 3.05 തിരുവനന്തപുരത്തും വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 11.58 ന് കാസർകോട് എത്തുന്ന രീതിയിലാണ് പുതിയ വന്ദേഭാരതിന്റെ സമയക്രമം. ചെയർകാറിന് 445 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 840 രൂപയുമാണ് കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക്. 1555രൂപയാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയർകാർ നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാ‌റിൽ 2835 രൂപയും.

English Summary: P M Modi flag off second Vande Bharat express.