ന്യൂഡൽഹി: തക്കം കിട്ടുമ്പോഴെല്ലാം ബ്രിജ് ഭൂഷൺസിങ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി ഡൽഹി പൊലീസ്. അവസരം കിട്ടുന്ന സമയങ്ങളിലെല്ലാം ബ്രിജ് ഭൂഷൺ വനിതാ താരങ്ങളെ പീഡിപ്പിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഡൽഹി പൊലീസിനുവേണ്ടി ഹാജരായ അഡിഷണല്‍ പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ പറഞ്ഞു. മുൻ ഗുസ്തി ഫെഡറേഷൻ മേധാവിയും ബിജെപി എംപിയുമാണ് ബ്രിജ് ഭൂഷൺസിങ്.
ഡൽഹി റോസ് ഹൗസ് അവന്യൂ കോടതിയിലാണ് കേസിന്‍റെ വാദം നടക്കുന്നത്. ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പീഡന പരാതി നല്‍കിയത്. കോടതിയില്‍ ഹാജരായ അഡിഷണല്‍ പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയാണ് പൊലീസിന്‍റെ കണ്ടെത്തല്‍ കോടതിയെ ധരിപ്പിച്ചത്. വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണം ശരിവയ്ക്കുന്ന നിരവധി തെളിവുകൾ ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ട്. താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ബ്രിജ് ഭൂഷണ്‍ ബോധവാനായിരുന്നുവെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.
തജാക്കിസ്ഥാനിൽ നടന്ന ഒരു പരിപാടിക്കിടെ വനിതാതാരത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി കെട്ടിപ്പിടിച്ചു. ഗുസ്തിതാരം ഇതിനെതിരെ പരാതിപ്പെട്ടപ്പോൾ, ഒരു പിതാവിനെപ്പോലെയാണ് താൻ ഇത് ചെയ്തതെന്നായിരുന്നു ബ്രിജ്‌ഭൂഷണിന്റെ മറുപടി. ഏഷ്യൻ ചാമ്പ്യൻഷിപ്പിനിടെ മറ്റൊരു വനിതാ ഗുസ്തി താരത്തിന്റെ വയറിൽ ഇയാൾ അനുചിതമായി സ്പർശിച്ചതായും പരാതിയുണ്ട്. ഡൽഹിയിലെ ഡബ്ല്യുഎഫ്ഐ ഓഫീസിൽ വച്ച് ഉണ്ടായ മറ്റൊരു ലൈംഗികാരോപണത്തിലും മതിയായ തെളിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. താരങ്ങള്‍ പൊലീസിന് എഴുതിയ നല്‍കിയ പരാതിയിലും പൊലീസ് രേഖപ്പെടുത്തിയ സാക്ഷി മൊഴികളിലും സിആര്‍പിസി 164 പ്രകാരം മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴികളിലും ബ്രിജ്‌ഭൂഷൺസിങ് നടത്തിയ കുറ്റകൃത്യങ്ങള്‍ വ്യക്തമാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിൽ വിശദവാദം കേൾക്കാനായി ഒക്ടോബർ ഏഴിലേക്ക് മാറ്റി.
മാസങ്ങൾ നീണ്ടുനിന്ന പ്രക്ഷോഭങ്ങൾക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് ബിജെപി എംപിയായ ബ്രിജ്‌ഭൂഷണെതിരെ പൊലീസ് കേസെടുത്തത്. പോക്‌സോ കേസടക്കം ചുമത്തിയിട്ടും ഇയാൾക്കെതിരെ ബിജെപി നേതൃത്വം ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപിയാണ് ബ്രിജ് ഭൂഷൺ. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള ബ്രിജ് ഭൂഷണിനെതിരെ നടപടി എടുക്കാന്‍ ബിജെപിക്ക് പേടിയാണെന്ന് പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നു.
English Summary: Police said, in Tajikistan, Brij Bhushan forcibly hugged a woman wrestler.