ജെഡിഎസ് ബിജെപിക്കൊപ്പം; കർണാടകത്തിൽ നാല് സീറ്റിൽ മത്സരിക്കും

സഖ്യതീരുമാനം അമിത് ഷാ-കുമാരസ്വാമി കൂടിക്കാഴ്ചക്ക് ശേഷം.

0
203

ന്യൂഡൽഹി: കർണാടകത്തിലെ ജെഡിഎസ് ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമാകും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഇരുപാർട്ടികളും സഖ്യത്തിലാകുന്നത്. ജെഡിഎസിന്റെ മുതിർന്ന നേതാവും കർണാടക മുൻമുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കുമാരസ്വാമി-അമിത് ഷാ കൂടിക്കാഴ്ച.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസിന് നാല് സീറ്റുകൾ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. മാണ്ഡ്യ, ഹാസൻ, ബംഗളൂരു റൂറൽ എന്നിവക്ക് പുറമെ കോലാർ സീറ്റും നൽകാമെന്നുമാണ് ബിജെപി വാഗ്ദാനം. ഈ നാല് സീറ്റുകളിൽ ജെഡിഎസ് മത്സരിക്കാൻ ബിജെപി നേതൃത്വം സമ്മതിച്ചതായാണ് സൂചന. നേരത്തെ ചിക്കബല്ലാപ്പുര, തുമകൂരു എന്നീ സീറ്റുകൾ ജെഡിഎസ് ആവശ്യപ്പെട്ടെങ്കിലും അവ നൽകാൻ ബിജെപി തയ്യാറായില്ല. പകരം കോലാർ വിട്ടുകൊടുക്കാമെന്ന് ഉറപ്പ് നൽകി. ഇതോടെയാണ് ബിജെപി-ജെഡിഎസ് സഖ്യം യാഥാർഥ്യമായത്. അമിത് ഷായ്ക്ക് പുറമെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു.

കർണാടകത്തിൽ കോൺഗ്രസിനെ എതിർക്കാൻ ബിജെപിയുമായി സഖ്യം അനിവാര്യമാണെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരിനെതിരെ അതിശക്തമായ പ്രക്ഷോഭം വേണമെന്നും അത്തരമൊരു സാഹചര്യത്തിൽ ബിജെപി സഖ്യം ഗുണം ചെയ്യുമെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ബിജെപിയുമായി ചേരുന്നത് ജെഡിഎസിന്റെ മതേതരത്വ പ്രതിച്ഛയായെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല. ജെഡിഎസ് എല്ലാ സമുദായത്തെയും ബഹുമാനിക്കുന്നുവെന്നായിരുന്നു പകരം മറുപടി. ബിജെപിയുമായുള്ള സഖ്യവും പാർട്ടിയുടെ നിലപാടും വ്യത്യസ്തമാണെന്നാണ് കുമാരസ്വാമി പറയുന്നത്.

ജെഡിഎസുമായി സഖ്യം ഉണ്ടാകുമെന്നും സീറ്റ് വിഭജനത്തിൽ ധാരണയായെന്നും മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു. ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളിൽ നാലെണ്ണം ജെഡിഎസിന് നൽകുമെന്നുമായിരുന്ന ഈ മാസം പ്രതികരണം. നിയമസഭയിൽ പലവിഷയങ്ങളിലും ബിജെപിയും ജെഡിഎസും കോൺഗ്രസ് സർക്കാരിനെതിരെ ഒരേ നിലപാടാണ് കൈക്കൊള്ളുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതൃപദവി ജെഡിഎസിന് വിട്ടുകൊടുക്കാമെന്ന് ബിജെപി സമ്മതിച്ചതും.

English Summary: Amit Shah agrees to give 4 seats to Deve Gowda’s party.