പൊലീസിന്റെ ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയുണ്ട വീടിനുള്ളില്‍ തുളച്ചുകയറി; മുറിക്കുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

സോണിയുടെ ഭാര്യ ജിന്‍സിയും 2 മക്കളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്

0
2849

പൊലീസിന്റെ ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയുണ്ട വീടിനുള്ളില്‍ തുളച്ചുകയറി. സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ല് പൊട്ടി. ഈ സമയത്ത് മുറിക്കുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം നാട്ടകത്ത് ശനിയാഴ്ച രാവിലെ 10: 45ടെയാണ് സംഭവം.

പോളിടെക്‌നിക് കോളേജിനോട് ചേര്‍ന്നുള്ള ചെറിയ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയിലാണ് വെടിയുണ്ട ഉന്നംതെറ്റി പതിച്ചത്. എറണാകുളം സ്വദേശിയായ ഇ.എ. സോണി വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. സോണിയുടെ ഭാര്യ ജിന്‍സിയും 2 മക്കളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

മുറിക്കുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ ശബ്ദം കേട്ട് അമ്മ ജിന്‍സി നോക്കിയപ്പോഴാണ് ജനല്‍ച്ചില്ല് പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടതും മുറിക്കുള്ളില്‍ വെടിയുണ്ട കണ്ടെത്തിയതും. ഉടനെ വെടിയുണ്ടയുമായി റൈഫിള്‍ ക്യാംപിലെത്തി ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞെങ്കിലും അവര്‍ ഗൗരവമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പിന്നാലെ ചിങ്ങവനം പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.