മലയാളി നിർമാതാവുമായി വിവാഹിതയാകുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത വാർത്തയിൽ പ്രതികരണവുമായി തൃഷ. പ്രചരിക്കുന്ന വാർത്തകളൊക്കെ തെറ്റാണെന്നും ദയവായി വ്യാജ വാർത്തകൾ നിർത്തൂ എന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചു. ‘‘ഡിയർ, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങൾക്ക് അറിയാം. ദയവായി ശാന്തരായിരിക്കൂ. കിംവദന്തികൾ നിർത്തൂ. ചിയേഴ്‌സ്’’, എന്നാണ് നടി എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചത്.
ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്കിടയിലാണ് നടിയുടെ പോസ്റ്റ്. ഇതിനു മുമ്പും തൃഷയുടെ വിവാഹനിശ്ചയവും മറ്റു നടന്മാരുമായുള്ള വ്യാജ വിവാഹ വാർത്തകളും മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. 2015ൽ വ്യവസായിയായ വരുൺ മണിയനുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. വരുൺ നിർമിക്കുന്ന ഒരു സിനിമയിൽ നിന്നും തൃഷ പിൻവാങ്ങുകയും ചെയ്തു.
മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിലാണ് നടി അവസാനമായി അഭിനയിച്ചത്. ഇപ്പോൾ അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ദ് റോഡ് എന്ന തമിഴ് ചിത്രമാണ് നടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഒക്ടോബർ ആറിന് ചിത്രം ബിഗ് സ്‌ക്രീനിൽ എത്തും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലും തൃഷയാണ് നായിക. ഒക്ടോബർ 19 ന് ചിത്രം തിയറ്ററുകളിൽ എത്തും. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ റാം, ടൊവിനോ തോമസിന്റെ ഐഡന്റിറ്റി എന്നിവയാണ് തൃഷയുടെ വരാനിരിക്കുന്ന സിനിമകൾ.