ഏകദിന ലോകകപ്പ്; ജേതാക്കൾക്ക് ലഭിക്കുക 33.24 കോടി രൂപ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.

0
221

ന്യൂഡൽഹി: ഒക്ടോബർ അഞ്ചിന് ഇന്ത്യയിൽ തുടക്കമാകുന്ന ഏകദിന ലോകകപ്പ് മത്സരത്തിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചു. ചാമ്പ്യന്മാർക്ക് മാത്രം ട്രോഫിക്ക് പുറമെ 33.24 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. റണ്ണേഴ്സ് അപ്പിന് 16.58 കോടി രൂപ ലഭിക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലാണ് (ഐസിസി) സമ്മാനത്തുക ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്ത്യയാണ് ഇക്കുറി ലോകകപ്പിന് വേദിയാകുന്നത്. മൊത്തം 82.93 കോടി രൂപയുടെ സമ്മാനത്തുകയാണ് ഐസിസി നൽകുക. പത്ത് ടീമുകളാണ്
ആകെ ലോകകപ്പിൽ മാറ്റുരക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളിലെ ജയത്തിനുപോലും ഓരോ ടീമിനും പ്രത്യേകം സമ്മാനത്തുകയുണ്ട്. ഗ്രൂപ്പ് സ്റ്റേജിലെ ഓരോ വിജയത്തിനും 33.17 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുമെന്ന് ഐസിസി വാർത്താക്കുറിപ്പിൽ പറഞ്ഞു. നോക്കൗട്ട് റൗണ്ട് യോഗ്യത നേടാതെ പുറത്താകുന്ന ടീമുകൾക്ക് 82.93 രൂപ വീതം ലഭിക്കും. ഇതിനു പുറമെ വ്യക്തിഗത പുരസ്കാരങ്ങളും അവർക്കുള്ള സമ്മാനത്തുകയും വേറെയും നൽകുന്നുണ്ട്.

അഹ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഒക്ടോബർ അഞ്ചിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുക. നവംബർ 19ന് ഇതേ സ്റ്റേഡിയത്തിൽ തന്നെയാണ് ഫൈനലും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അതിനിടെ, ഐസിസി റാങ്കിങ്ങിൽ ഇന്ത്യ ചരിത്രം കുറിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാം സ്ഥാനമെന്ന അപൂർവ്വ നേട്ടവും ഇതോടെ ഇന്ത്യൻ ടീം സ്വന്തമാക്കി. നേരത്തെ 2012ൽ ദക്ഷിണാഫ്രിക്ക മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

English Summary: ODI World Cup total prize money of USD 10 million (Rs 83.10 crore).