‘നമ്മക്കൊരു ക്രെഡിറ്റും വേണ്ടേ’; വി ഡി സതീശനെതിരെ തുറന്നടിച്ച് കെ സുധാകരൻ

ആരോടും ഒരു ക്രെഡിറ്റും ചോദിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ്.

0
150

കൊച്ചി: വാർത്താസമ്മേളനത്തിനിടെ വി ഡി സതീശനുമായുണ്ടായ തമ്മിലടിയിൽ പ്രതിപക്ഷനേതാവിന്റെ പരോക്ഷമായി പരിഹസിച്ചും തുറന്നടിച്ചും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തനിക്ക് ആരുടേയും ഒരു ക്രെഡിറ്റും വേണ്ടെന്നും ആരോടും ക്രെഡിറ്റ് ചോദിച്ചിട്ടില്ലെന്നും സുധാകരൻ പരസ്യമായി പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ വിജയത്തിൽ ആരോടും ക്രെഡിറ്റ് ചോദിച്ചിട്ടില്ല. അങ്ങനെയൊരു ക്രെഡിറ്റും വേണ്ട. അതിന് വേണ്ടി കോല് പിടിക്കേണ്ടെന്നും അത് മാറ്റിക്കൊള്ളാനുമാണ് സുധാകരൻ കൊച്ചിയിൽ പറഞ്ഞത്.

വി ഡി സതീശനുമായി ഒരു തർക്കവുമില്ല. പുള്ളിയുമായി നല്ല ബന്ധമാണുള്ളതെന്നും സുധാകരൻ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കെ സുധാകരനും വി ഡി സതീശനും തമ്മിലടിച്ചത്. കോൺഗ്രസിന്റെ യോഗശേഷം വി ഡി സതീശൻ മാധ്യമങ്ങൾക്കുമുന്നിലെത്തിയപ്പോൾ കെ സുധാകരനും ഒപ്പമെത്തി. ആദ്യം ആരു തുടങ്ങണമെന്നതിലെ തർക്കമാണ് തമ്മിലടിയിൽ കലാശിച്ചത്. ‘‘കെപിസിസി പ്രസിഡന്റ്‌ എന്ന നിലയിൽ ഞാൻ തുടങ്ങും’’എന്ന്‌ സുധാകരൻ ദേഷ്യത്തിൽ പറയുമ്പോൾ കോപാകുലനായ വി ഡി സതീശൻ തന്റെ മുന്നിലിരുന്ന ചാനൽ മൈക്കുകൾ സുധാകരന്റെ മുന്നിലേക്ക്‌ തള്ളിവെക്കുകയായിരുന്നു.

വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ എല്ലാം പ്രസിഡന്റ് പറഞ്ഞല്ലോയെന്നായിരുന്നു സതീശന്റെ ദേഷ്യത്തിലുള്ള മറുപടി. മാത്രവുമല്ല, മാധ്യമപ്രവർത്തകയുടെ ഇംഗ്ലീഷിലുള്ള ചോദ്യത്തിന് മറുപടി പറയാതെ സുധാകരൻ വിയർത്തപ്പോൾ ‘എന്നോടല്ല ചോദ്യം കെപിസിസി പ്രസിഡന്റിനോടാണ്’ എന്നുപറഞ്ഞ് വി ഡി സതീശൻ പ്രതികാരം വീട്ടുകയും ചെയ്തു.

പുതുപ്പള്ളി വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും തനിക്ക് തരാൻ കെപിസിസി പ്രസിഡന്റ് ശ്രമിച്ചത് തടഞ്ഞതിനാലാണ് വാർത്താസമ്മേളനത്തിനിടെ തമ്മിലടി ഉണ്ടായതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വിചിത്രമായ ന്യായീകരണം. ഈ സംഭവത്തിലാണ് ആരോടും ക്രഡിറ്റ് ചോദിച്ചിട്ടില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇരുവരും തമ്മിലടിക്കുന്ന ദൃശ്യമാണ്‌ വ്യാപകമായി പ്രചരിച്ചത്‌. തന്നെ ആദ്യം സംസാരിക്കാൻ അനുവദിക്കാത്ത കെ സുധാകരനോട് അരിശം പൂണ്ട വി ഡി സതീശൻ പ്രതികരണം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

English Summary: KPCC president said that he did not ask anyone for any credit in the victory.