വിവാഹമോചന കേസ്‌; കുട്ടികളെ കൈമാറുന്നതിനിടെ കോടതിവളപ്പിൽ കൂട്ടത്തല്ല്

കോടതി വളപ്പിൽ നാലാം തവണയാണ് ഇവർ തമ്മിൽ അടിയുണ്ടാകുന്നത്.

0
192

ചേർത്തല: വേർപിരിഞ്ഞ ദമ്പതികൾ ഹൈക്കോടതി ഉത്തരവനുസരിച്ച്‌ കുട്ടികളെ കൈമാറാൻ എത്തിയപ്പോഴുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ചേർത്തല കോടതിവളപ്പിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഭാര്യയെ ഭർത്താവ് നിലത്തിട്ട് ചവിട്ടി. ഇരു കുടുംബത്തിലെയും അംഗങ്ങൾ കൂടി ചേർന്നതോടെ അരമണിക്കൂറോളം കോടതി വളപ്പിൽ പൊലീസിന് മുന്നിൽ പൊരിഞ്ഞ സംഘർഷമുണ്ടായി. ഇരുപക്ഷത്തെയും സ്‌ത്രീകളുടെ പരാതിയിൽ പൊലീസ് രണ്ട്‌ കേസെടുത്തു.

ചേർത്തലയിലെ കുടുംബ കോടതി വളപ്പിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. വയലാർ സ്വദേശിനിയായ യുവതിയും അച്ഛനുമാണ് കുട്ടികളെ
കൈമാറാനാണ് എത്തിയത്. ഭർത്താവ്‌ പട്ടണക്കാട് സ്വദേശിയുമായി അകന്നുകഴിയുകയാണ് യുവതി. ഇവരുടെ വിവാഹബന്ധം വേർപിരിയൽകേസ് ആലപ്പുഴ കുടുംബക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെ ഭർത്താവ്‌ ഹൈക്കോടതിയെ സമീപിച്ച്‌ കുട്ടികളെ ആഴ്‌ചയിൽ രണ്ടുനാൾ ഒപ്പം ലഭിക്കാൻ ഉത്തരവുനേടി.

ഇതനുസരിച്ചാണ് യുവതിയും അച്ഛനും കുട്ടികളോടൊപ്പം ചേർത്തല കോടതിവളപ്പിൽ എത്തിയത്. എന്നാൽ യുവതി ഇതിന് തയ്യാറായില്ല. കാറിൽനിന്ന്‌ കുട്ടികളെ ഇറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിലെത്തിയത്. കോടതി അവധിയായതിനാൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. ഭാര്യയും നാത്തൂനും തമ്മിൽ തുടങ്ങിയ കയ്യാങ്കളിയിൽ ഭർത്താവും ഭർതൃമാതാവും കൂടി ചേർന്നതോടെ കൂട്ടയടിയായി. ഇതിനിടെ നിലത്തുവീണ ഭാര്യയെ ഭർത്താവ് നിലത്തിട്ട് ചവിട്ടി.

കുട്ടികൾ കാറിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ചതോടെ ഭർതൃവീട്ടുകാർ ബലം പ്രയോഗിക്കുകയും എതിർത്ത തങ്ങളെ അടിച്ചുവീഴ്‌ത്തിയെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൻറെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയും ഭർതൃസഹോദരിയും പരസ്പരം മുഖത്തടിക്കുന്നതും തള്ളുന്നതും ദൃശ്യങ്ങളിൽ കാണാം.

യുവതിയെ ഭാര്യ നിലത്തിട്ട് ചവിട്ടിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം ഭർത്താവിനെതിരെ ചേർത്തല പൊലീസ് കേസെടുത്തു. ഒന്നരവർഷത്തോളം പ്രണയിച്ചശേഷമാണ് ഇവർ വിവാഹിതരായത്. കോടതി വളപ്പിൽ നാലാം തവണയാണ് ഇവർ തമ്മിൽ അടിയുണ്ടാകുന്നത്. കഴിഞ്ഞ മൂന്നുതവണയും അടിപിടിയിൽ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ കോടതിയിൽ വെച്ചുണ്ടായ അടിപിടിയിൽ അഭിഭാഷകർക്കടക്കം മർദ്ദനമേറ്റിരുന്നു. ഇതോടെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് കേസ് ചേർത്തല കുടുംബ കോടതിയിലേക്ക് മാറ്റിയത്.

സമീപത്തെ ഓട്ടോസ്‌റ്റാൻഡിലെ തൊഴിലാളികളും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ചേർന്നാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്. തലയ്‌ക്കും വയറിനും പരിക്കേറ്റ യുവതി താലൂക്കാശുപത്രിയിൽ ചികിത്സതേടി. കോടതി ഉത്തരവ്‌ ലംഘിക്കുകയും തങ്ങളെ ആക്രമിക്കുകയും ചെയ്‌തെന്ന ഭർതൃസഹോദരിയുടെ പരാതിയിൽ യുവതിക്കും അച്ഛനുമെതിരെ കേസെടുത്തെന്നും പൊലീസ്‌ പറഞ്ഞു.

English Summary: Cherthala; This is the fourth time that they are fighting each other in the court premises.