തിരുവനന്തപുരം: കോൺഗ്രസിന്റെ ‘ഞരമ്പുരോഗിയും’ കെ എസ് യു നെയ്യാറ്റിൻകര മണ്ഡലം വൈസ് പ്രസിഡന്റുമായ അബിൻ കോടങ്കരയെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം. പ്രതിക്ക് ജാമ്യമെടുക്കാൻ കോൺഗ്രസ് അഭിഭാഷകർ കോടതിയിലെത്തിയതും അബിൻ്റെ ഉന്നത കോൺഗ്രസ് ബന്ധത്തിൻ്റെ തെളിവാണ്. ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ മൃദുൽ ജോണിന്റെ ഓഫീസാണ് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. മൃദുൽ കൊച്ചിയിലായിരുന്നതിനാൽ ജൂനിയർ അഭിഭാഷകരാണ് പ്രതി അബിന് വേണ്ടി കോടതിയിൽ ഹാജരായത്.
അതിനിടെയാണ് നേതാക്കൾ തീരുമാനിച്ചുറപ്പിച്ചപ്രകാരം തലസ്ഥാനത്തെ കോൺഗ്രസിന്റെ തലമുതിർന്ന അഭിഭാഷകനെ കേസ് ഏൽപ്പിച്ചത്. പാർടി നേതൃത്വമാണ് കേസ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച സംഭവം, എ കെ ജി സെന്ററിനെതിരായ ആക്രമണം തുടങ്ങിയ പ്രധാന കേസുകളിൽ കോൺഗ്രസുകാരായ പ്രതികൾക്കായി കോടതിയിലെത്തിയതും മൃദുൽ ജോണായിരുന്നു. പ്രതിക്ക് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. സമൂഹ മാധ്യമങ്ങളിൽ പുതിയ പോസ്റ്റുകൾ ഇടരുതെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
അബിൻ ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേരിൽ വ്യാജ ഫെയ്‌സ്‌ബുക്ക് പ്രൊഫൈലുണ്ടാക്കിയത് പൊതുപ്രവർത്തകരായ വനിതകളെയും സിപിഐ എം നേതാക്കളുടെ ഭാര്യമാരെയും അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ കോൺഗ്രസ് പ്രാദേശിക നേതാവ് എബിൻ സമ്മതിച്ചിരുന്നു. രാഷ്ട്രീയ താല്പര്യവും ചില കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയും കൂടിയാണ് സ്ത്രീവിരുദ്ധതയും ലൈംഗികാധിക്ഷേപവും നിറഞ്ഞ പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ ഇട്ടത്.
അബിൻ കോടങ്കര തിരുവനന്തപുരം ജില്ലയിലെ മിക്ക കോൺഗ്രസ് നേതാക്കളുടെയും യൂത്ത് കോൺഗ്രസ് നേതാക്കളുടെയും ഏറ്റവുമടുത്ത ആളാണ്. കോൺഗ്രസിന്റെ സൈബർസേന നേതാവ് സരിൻ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്. സത്യപ്രതിജ്ഞക്ക് മുമ്പ് ചാണ്ടി ഉമ്മൻ എംഎൽഎ ചെങ്കൽ ശിവ പാർവതി ക്ഷേത്രത്തിൽ എത്തിയപ്പോൾ സ്വീകരിക്കാൻ മുന്നിൽ നിന്നത് അബിൻ കോടങ്കരയായിരുന്നു.
ഒരു മാസംമുമ്പാണ് ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേജ് അബിൻ തുടങ്ങിയത്. സ്ത്രീവിരുദ്ധതയും ലൈംഗികാധിക്ഷേപവും നിറഞ്ഞതായിരുന്നു പേജിലെ പോസ്റ്റുകൾ. അബിന്റെ ഫെയ്‌സ്ബുക്ക് പേജിലും സമാന പോസ്റ്റുകളുണ്ട്. രാഷ്ട്രീയ എതിരാളികളെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് അബിൻ സമ്മതിച്ചു. പൊതുപ്രവർത്തന രംഗത്തും സമൂഹ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന സ്ത്രീകളെ കണ്ടെത്തിയാണ് ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിനുള്ള ആഹ്വാനവും നൽകിയതെന്നും മൊഴി നൽകി.
ഉന്നത നേതാക്കളുമായുള്ള അബിന്റെ ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് അബിനും മൊഴി നൽകി. പൊലീസ് കസ്റ്റഡിയിലെടുത്ത ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെ താൻ ഒറ്റയ്‌ക്കാണ് പേജുണ്ടാക്കിയതെന്നും മറ്റാരുടെയും സഹായമുണ്ടായിരുന്നില്ലെന്നുമാണ് അബിന്റെ മൊഴി. പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ഫോൺവിളികളുടെ വിശദാംശങ്ങളും ഫോണിന്റെ ശാസ്ത്രീയ പരിശോധനാഫലവും ലഭ്യമാകുന്നതോടെ അബിനെ സഹായിച്ച നേതാക്കളാരെന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവരും.
കോൺഗ്രസ് അനുകൂല വാട്‌സാപ് ഗ്രൂപ്പുകളിലൂടെയും ‘കോട്ടയം കുഞ്ഞച്ചന്റെ’ സ്ത്രീവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. ഈ ഗ്രൂപ്പുകളുടെ അഡ്‌മിൻമാരുടെ ഇടപെടലുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുകൾ ഷെയർ ചെയ്‌ത കോൺഗ്രസ് വാർഡ് പ്രസിഡന്റടക്കമുള്ളവരും കേസിൽ പ്രതികളാണ്. ഇവർക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. എബിനുമായി അടുപ്പമുള്ള മറ്റൊരു കോൺഗ്രസ് നേതാവിനെ ഉടൻതന്നെ പിടികൂടും.
സമൂഹമാധ്യമത്തിലൂടെ ഇടതുപക്ഷ പ്രവര്‍ത്തകരെയും ഭാര്യമാരെയും അപമാനിച്ച സംഭവത്തില്‍ കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫെയ്‌സ് ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന അബിന്‍ കോടങ്കരയ്‌ക്കെതിരെ ശ്രീകൃഷ്ണപുരത്തും കേസ്. ഡിവൈഎഫ്ഐ തിരുവാഴിയോട് മേഖലാ കമ്മിറ്റി അംഗം പ്രജിത തിരുവാഴിയോട് നല്‍കിയ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരത്തെ കേസിലും ഇയാളുടെ അറസ്‌റ്റിന് നടപടി തുടങ്ങിയിട്ടുണ്ട്.
English Summary: The page Kottayam Kunjachan was started with the knowledge of Congress leaders.