ഏഷ്യൻ ​ഗെയിംസിന് തിരി തെളിഞ്ഞു; ഇനി കായിക മാമാങ്കത്തിന്റെ 16 നാളുകൾ

ഇന്ത്യൻ പതാകയേന്തി ഹർമ്മൻപ്രീത് സിങ്ങും ലവ്‌ലിന ബോര്‍ഗൊഹെനും.

0
292

ഹാങ്‌ചൗ: ഏഷ്യൻ ​ഗെയിംസിന് ചൈനയിൽ വർണാഭമായ തുടക്കം. ആഗോഷതുടക്കം. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങാണ് ഏഷ്യൻ ​ഗെയിംസിന് ഔദ്യോ​ഗിക തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചതോടെ വാനിൽ വർണരാജികൾ പൂത്തിറങ്ങി. വിവിധ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റും വേദിയിൽ നടന്നു. അഫ്​ഗാനിസ്ഥാൻ ആണ് മാർച്ച് പാസ്റ്റിൽ ആദ്യം പങ്കെടുത്തത്. ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 നാണ് 19–ാം ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായത്. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പതാകയും വേദിയിൽ ഉയർത്തി.

ഇന്ത്യൻ ഹോക്കി ടീം നായകൻ ഹർമ്മൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരവുമായ ലവ്‌ലിന ബോര്‍ഗൊഹെനും ഇന്ത്യൻ പതാകയേന്തി. 650തിലധികം വരുന്ന ഇന്ത്യൻ കായിക സംഘം കൈയിൽ ത്രിവർണ പതാകയുമായി പതാകവാഹകരെ അനു​ഗമിച്ചു. പരമ്പരാ​ഗത ചൈനീസ് കലാരൂപങ്ങളും കൃത്രിമബുദ്ധിയുടെ സഹായത്തോടെയുള്ള ആധുനിക സാങ്കേതിക വിദ്യയും ചേർത്തിണക്കിയ കലാരൂപങ്ങളാണ് ചൈന വേദിയിൽ അവതരിപ്പിച്ചത്.

45 രാജ്യങ്ങൾ ഏഷ്യൻ കായിക മാമാങ്കത്തിൽ പങ്കെടുക്കും. 40 കായിക വിഭാ​ഗങ്ങളിലായി 481 മത്സരങ്ങളുണ്ട്. 655 അത്‌ലറ്റുകളാണ് ഏഷ്യൻ വേദിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് ഇത്രയധികം കായിക താരങ്ങളെ ഇന്ത്യ എഷ്യൻ ​ഗെയിംസിന് അയക്കുന്നത്.

English Summary: Harmanpreet Singh and Lovelina Borgohen carrying the Indian flag.