മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു നവതിയുടെ നിറവിൽ. ഇന്ന് തന്റെ 90-ാം പിറന്നാൾ ആഘോഷിക്കുകയാണ് മധു. തിരുവനന്തപുരംകാരനായ മാധവൻ നായർ എന്ന മധു സിനിമയിൽ കെട്ടിയാടാത്ത വേഷങ്ങളില്ല. സംവിധായകനായും നിർമാതാവായുമെല്ലാം അദ്ദേഹം മലയാളത്തിന്റെ മുഖമായി മാറി. ഇന്ന് സൂപ്പർസ്റ്റാറുകളുടെ സൂപ്പർസ്റ്റാറായി മധു മലയാളത്തിന്റെ കാരണവ സ്ഥാനത്താണ്.
രമണനും ദേവദാസുമെല്ലാം കണ്ണീരണിയിച്ചിട്ടുണെങ്കിലും മലയാളത്തിലെ നിരാശാകാമുകന്മാർക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്. പ്രണയനൈരാശ്യത്തിന്റെ ഏറ്റവും തീവ്രമായഭാവങ്ങൾ മലയാളികൾ കണ്ടത് പരീക്കുട്ടിയുടെ മുഖത്താണ്. പ്രണയനൈരാശ്യം മാത്രമല്ല. ആ മുഖത്ത് ഒട്ടേറെ ഭാവങ്ങളും വികാരങ്ങളും വീണ്ടും മിന്നിമാഞ്ഞു മലയാളത്തട്ടിന്റെ ഭാവാഭിനയ ചക്രവർത്തിയുടെ മുഖത്ത്. മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ച പ്രിയ നടനെ മലയാളികൾ ഇന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്നു.
തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തമകനായാണ് മാധവൻ നായർ എന്ന മധു 1933 സെപ്തംബർ 23നാണ് ജനിച്ചത്. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായിരുന്നു മധു. എന്നാൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം നാഗർകോവിലിലെ സ്‌കോട്ട് ക്രിസ്ത്യൻ കോളജിൽ അധ്യാപകനായി കയറി.
അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡൽഹിക്ക് തിരിച്ചു. 1959 ൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.
മലയാളത്തിലൂടെയല്ല മധു ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു മധുവിന്റെ ആദ്യ ചിത്രം. ആദ്യം അഭിനയിച്ച മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച് എൻ.എൻ.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപാടുകളായിരുന്നു. തിക്കുറിശ്ശി സുകുമാരൻ നായരാണ് മാധവൻ നായരെ ആദ്യമായി മധു എന്നു വിളിച്ചത്. സുന്ദരനായ നായകനായി എത്തിയ താരം പല കാലങ്ങൾ പിന്നിട്ട് ഇന്ന് 90ൽ എത്തി നിൽക്കുകയായണ്.
പുരസ്‌കാരങ്ങൾ
1980- സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്‌കാരം
1995- മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള(നിർമാതാവ്) അവാർഡ് (മിനി എന്ന ചിത്രത്തിന്)
2004 -സമഗ്ര സംഭാവനക്കുള്ള ജെ. സി ഡാനിയൽ അവാർഡ്
2013 -പത്മശ്രീ പുരസ്‌കാരം