കൊല്ലത്ത് മദ്യത്തിന് പകരം കോള നൽകി മദ്യപാനികളെ പറ്റിച്ചു; ഒരാൾ പിടിയിൽ

0
5490

കൊല്ലത്ത് മദ്യത്തിന് പകരം കോള നൽകി മദ്യപാനികളെ പറ്റിച്ചയാൾ പിടിയിൽ. മദ്യക്കുപ്പിയിൽ കോളനിറച്ചായിരുന്നു തട്ടിപ്പ്. സതീഷ് കുമാർ എന്നയാളാണ് പിടിയിലായത്.വിദഗ്ധമായാണ് മദ്യപാനികളെ ഇയാൾ പറ്റിച്ചിരുന്നത്. ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലുമെല്ലാം മദ്യം വാങ്ങാൻ വരുന്നവരെ തന്റെ കയ്യിൽ മദ്യമുണ്ടെന്നും വില കുറച്ച് നൽകാമെന്നും പറഞ്ഞ് ഇയാൾ വിളിച്ചുവരുത്തും.

എന്നിട്ട് കോള നിറച്ച കുപ്പി കൊടുക്കുകയാണ് രീതി. ബിവറേജിൽ വലിയ തിരക്കുള്ള സമയത്തും അടയ്ക്കാറായ സമയത്തുമാണ് ഇയാൾ ഇത്തരത്തിൽ ഒരുപാട് പേരെ പറ്റിച്ചിരുന്നത്.

മദ്യം വാങ്ങിയവർ കുടിച്ചുനോക്കുമ്പോളാണ് പറ്റിക്കപ്പെട്ട വിവരം അറിയുക. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട ആളുകളുടെ നിരവധി പരാതികൾ ബിവറേജസ് മാനേജർക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് പിന്നെയും ആളുകളെ പറ്റിക്കാൻ നിൽക്കുമ്പോളാണ് ഇയാളെ നാട്ടുകാരും ബിവറേജസ് സ്റ്റാഫുകളും കൂടി പിടികൂടിയത്. പരാതിക്കാരില്ലാത്തതിനാൽ പ്രതിയെ പിന്നീട് കേസെടുത്ത് ജാമ്യത്തിൽ വിട്ടു.