വിദ്യാർഥികൾ തമ്മിൽ സംഘർഷം; പാറശാലയിൽ സഹപാഠികൾ പതിനാലുകാരന്‍റെ കൈ തല്ലിയൊടിച്ചു

0
142

തിരുവനന്തപുരം: പാറശാലയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനാലുകാരന്‍റെ കൈ സഹപാഠികൾ തല്ലിയൊടിച്ചു. പാറശാല ഹയർസെക്കണറി സ്കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർക്ഷത്തിലാണ് വിദ്യാർഥിക്ക് പരിക്കേറ്റത്.

പാറശാല ജിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കൃഷ്ണകുമാറിനാണ് മര്‍ദ്ദനമേറ്റത്. രണ്ട് വിദ്യാര്‍ഥികള്‍ തമ്മിലുള്ള വിഷയത്തില്‍ ക്ലാസ് ലീഡര്‍ എന്ന നിലയില്‍ കൃഷ്ണകുമാര്‍ ഇടപെടുകയായിരുന്നു. പിന്നീടിക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ഇതിന് പ്രതികാരമെന്നോണം, വൈകുന്നേരം മൂന്ന് മണിയോടെ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചത് എന്തിനെന്ന് ചോദിച്ച് രണ്ടു വിദ്യാര്‍ഥികള്‍ കൃഷ്ണകുമാറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വാക്കുതര്‍ക്കത്തിനിടെ കുപിതരായ സഹപാഠികള്‍ കൃഷ്ണകുമാറിന്റെ കൈ തല്ലിയൊടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതി ചേർക്കപ്പെട്ട കുട്ടികളെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കാരോട്ട് ബൈപാസിലും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബൈപാസിന്‍റെ പാലത്തിന് താഴെ വിദ്യാർഥികൾ സംഘം ചേർന്ന് സഹപാഠിയെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്പെഷൽ ബ്രാഞ്ച് സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.