തൃഷ വിവാഹിതയാക്കുന്നു: വരൻ മലയാളി വ്യവസായി

0
121

സിനിമാ പ്രേമികൾ ഏറെ കാലമായി ഉയർത്തുന്ന ചോദ്യത്തിന്‌ ഉത്തരമാകുന്നു. തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ വിവാഹത്തിനായി തയ്യാറെടുക്കുന്നുവെന്ന്‌ സൂചന. പുറത്ത്‌ വരുന്ന വാർത്തകൾ പ്രകാരം ഒരു മലയാളി ചലച്ചിത്ര നിർമ്മാതാവാണ് തൃഷയുടെ വരൻ. ദേശീയ മാധ്യമങ്ങളാണ്‌ തൃഷയുടെ വിവാഹം തീരുമാനിച്ച കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റിപ്പോർട്ടുകളെ സ്ഥിരീകരിച്ച്‌ താരമോ താരത്തിനോട്‌ അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. അതേസമയം വാർത്ത നിഷേധിച്ചിട്ടുമില്ല.

2015-ൽ നിർമാതാവും വ്യവസായിയുമായി വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും മൂന്ന് മാസങ്ങൾക്ക് ശേഷം ഇരുവരും പിന്മാറുകയായിരുന്നു. പിന്നാലെ വരുൺ നിർമ്മിക്കാനിരുന്ന ചിത്രവും തൃഷ വേണ്ടെന്നുവെച്ചിരുന്നു. പൊന്നിയിൻ സെൽവൻ സിനിമയുമായുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തിൽ തൃഷ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു. സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദം കൊണ്ട് വിവാഹം ചെയ്ത് പിന്നീട് വേർപിരിയാൻ തനിക്ക് പറ്റില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. കൂടാതെ ജീവിത പങ്കാളിയായി തനിക്ക് തോന്നുന്ന ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും നടി പറഞ്ഞു.

മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ 2 ആണ് ത‍ൃഷയുടേതായി എറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം. കുന്ദവൈ എന്ന കഥാപാത്രമായാണ് തൃഷയെ അവതരിപ്പിച്ചത്. ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലിയോയിൽ തൃഷയാണ് നായിക. 14വർഷത്തിന്‌ ശേഷം ഹിറ്റ്‌ ജോഡികൾ ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 19-നാണ് റിലീസ്‌ ചെയ്യുന്നത്‌.