സുധാകരനെ അപമാനിച്ച് വി ഡി സതീശന്റെ പ്രതികാരം; മറ്റൊരു വീഡിയോ കൂടി പുറത്ത്

'ചോദ്യം എന്നോടല്ല, പ്രസിഡന്റിനോടാ...'; സുധാകരനെ മാധ്യമപ്രവർത്തകരുടെ മുന്നിൽ അപഹസിച്ച് സതീശന്റെ പ്രതികാരം.

0
203

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ മൈക്കിനുവേണ്ടി തമ്മിലടിച്ചതിന് പിന്നാലെ, കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാധ്യമപ്രവർത്തകരുടെ മുന്നിൽ അപഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികാരം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇരുവരും തമ്മിലടിക്കുന്ന ദൃശ്യമാണ്‌ വ്യാപകമായി പ്രചരിച്ചത്‌. തന്നെ ആദ്യം സംസാരിക്കാൻ അനുവദിക്കാത്ത കെ സുധാകരനോട് അരിശം പൂണ്ട വി ഡി സതീശൻ പ്രതികാരം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ, തമ്മിലടി വിഷയത്തിൽ വി ഡി സതീശൻ പറഞ്ഞ ന്യായീകരണം പച്ചക്കള്ളമാണെന്നും തെളിഞ്ഞു.

പുതുപ്പള്ളി വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും തനിക്ക് തരാൻ കെപിസിസി പ്രസിഡന്റ് ശ്രമിച്ചത് തടഞ്ഞതിനാലാണ് വാർത്താസമ്മേളനത്തിനിടെ തമ്മിലടി ഉണ്ടായതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വിചിത്രമായ ന്യായീകരണം. എന്നാൽ, ഇത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

വാർത്താസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യം മനസിലാകാതെ പെട്ട കെ സുധാകരൻ സഹായത്തിനായി വി ഡി സതീശനെ നോക്കുന്നതും സതീശൻ അത് ഗൗനിക്കാതെ മുഖം തിരിക്കുന്നതുമായ ദൃശ്യങ്ങളാണ്‌ പുതിയതായി പുറത്തുവന്നിട്ടുള്ളത്‌. മാധ്യമപ്രവർത്തകയുടെ ഇംഗ്ലീഷിലുള്ള ചോദ്യം സുധാകരന്‌ പെട്ടെന്ന്‌ മനസിലായില്ല. ആവർത്തിച്ച്‌ ചോദിച്ചപ്പോഴും മനസിലാകാതിരുന്നപ്പോൾ സഹായിക്കുമെന്ന്‌ കരുതി സതീശന്റെ മുഖത്തേക്ക് നോക്കുന്നത്‌ കാണാം. എന്നാൽ പരിഹാസഭാവത്തിൽ ‘ചോദ്യം എന്നോടല്ല, ചേട്ടനോടാ’ എന്ന് പറഞ്ഞ്‌ സതീശൻ സുധാകരനെ മാധ്യമങ്ങൾക്ക് മുന്നിൽ അപമാനിക്കുകയായിരുന്നു. മാത്രമല്ല, ആകെ പെട്ട സുധാകരൻ മറുപടി പറയാതെ വിയർക്കുമ്പോൾ വി ഡി സതീശൻ പരിഹാസത്തോടെ ചിരിക്കുന്നതും വിഡീയോയിലുണ്ട്.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും തമ്മിലടി വാർത്താസമ്മേളന വേദിയിലേക്കും എത്തിയതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തനിക്ക്‌ ആദ്യം സംസാരിക്കണമെന്ന സുധാകരന്റെ ആവശ്യം അംഗീകരിക്കാതിരുന്ന സതീശൻ ക്രുദ്ധനായി മൈക്കുകൾ സുധാകരന്റെ മുന്നിലേക്ക് ഉന്തിത്തള്ളിവെക്കുന്നത് കഴിഞ്ഞ ദിവസം വന്ന ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വാർത്താസമ്മേളനത്തിനിടെ സതീശനോടുള്ള ചോദ്യങ്ങളിൽ “എല്ലാം പ്രസിഡന്റ്‌ പറഞ്ഞപോലെ’ എന്ന്‌ ആവർത്തിക്കുകയായിരുന്നു. പലവട്ടം ചോദ്യങ്ങൾ വന്നെങ്കിലും സതീശൻ മറുപടി പറയാൻ കൂട്ടാക്കിയില്ല. ആദ്യം സംസാരിക്കാൻ അവസരം കിട്ടാതിരുന്ന സതീശൻ വാർത്താസമ്മേളനം കഴിയുന്നവരെ ക്ഷോഭത്തോടെ പെരുമാറുന്നത്‌ വീഡിയോയിൽ വ്യക്തമാണ്‌.

വാർത്താസമ്മേളനം താൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, സുധാകരൻ സമ്മതിച്ചില്ല. കെപിസിസി പ്രസിഡന്റെന്ന് നിലയിൽ വാർത്താ സമ്മേളനം താൻ തുടങ്ങുമെന്നും പിന്നീട് നിങ്ങൾ പറഞ്ഞാൽ മതിയെന്നും എല്ലാവരും കേൾക്കെ സുധാകരൻ സതീശനോട് പറഞ്ഞു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ നീക്കിവെച്ചു. പ്രവർത്തകർ നൽകിയ ഷാൾ സ്വീകരിക്കാത്ത തട്ടിത്തെറിപ്പിക്കുകയായിരുന്നു സതീശൻ. ആവർത്തിച്ചുള്ള ചോദ്യത്തിൽ നിന്നും സതീശൻ നീരസത്തോടെ ഒഴിഞ്ഞു. ഇതിനിടയിലാണ് കിട്ടിയ ചാൻസിൽ സുധാകരനെ സതീശൻ അപമാനിച്ചത്.

മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്‌ണനും കെ സി ജോസഫും വേദിയിലുണ്ടായിരുന്നു. ചോദ്യം സുധാകരന്‌ മനസിലാകുന്നില്ല എന്ന്‌ കണ്ടപ്പോൾ തിരുവഞ്ചൂർ ‘സതീശനോടാ’ എന്ന്‌ പറഞ്ഞ്‌ രംഗം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്‌. എന്നാൽ പരിഹാസ ചിരിയോടെ ഒഴിഞ്ഞുമാറുകയായിരുന്നു സതീശൻ. ശത്രുക്കളോടു പോലും ഇങ്ങനെയൊന്നും ചെയ്യരുത് എന്നാണ് കോൺഗ്രസുകാർ തന്നെ പറയുന്നത്.

English Summary: V D Satheesan’s revenge by mocking Sudhakaran in front of journalists.