തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തലസ്ഥാനത്തെത്തി. പുതിയ ഡിസൈനിലും നിറത്തിലും കൂടുതൽ മുഖം മിനുക്കിയാണ് രണ്ടാം വന്ദേഭാരത് കേരളത്തിലെത്തിയത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെ ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തി. പരീക്ഷണ ഓട്ടത്തിനുശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സർവീസിന് തുടക്കമാവുക.
കൊച്ചുവേളിയിൽ നിന്നും അവാസനഘട്ട അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷമാണ് ആദ്യസർവീസ്. രാവിലെ ഏഴിന് കാസർകോട് നിന്ന് പുറപ്പെട്ട് കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്‌ക്ക് 1.55) വഴി വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച് കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16),രാത്രി 11.55ന് കാസർകോട് എത്തും. നിലവിലെ സമയക്രമം റെയിൽവേ അധികൃതർ ഏതാണ്ട് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, റൂട്ടും സമയവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടക്കുന്നതിനാൽ സ്‌റ്റേഷനിലും സമയക്രമത്തിലും വ്യത്യാസം ഉണ്ടാകുമെന്നാണ് സൂചന.
തിരുവനന്തപുരം-കാസർകോട് റൂട്ടിൽ തിങ്കളാഴ്‌ചയും കാസർകോട്- തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്‌ചയും ട്രെയിൻ സർവീസ് ഉണ്ടാകില്ല. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് യാർഡിൽ നിന്ന് പുറപ്പെട്ടത്. ട്രെയിനിന്റെ കാര്യക്ഷമതയും മറ്റും പരിശോധിക്കാൻ കഴിഞ്ഞദിവസം നടത്തിയ ട്രയൽ റൺ വിജയമായിരുന്നുവെന്ന് റെയിൽവേ അറിയിച്ചു. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ എട്ടു കോച്ചുകളാണ് ഉള്ളത്. സാധാരണ വന്ദേഭാരതുകളിൽ നിന്നും വ്യത്യസ്തമായി ഓറഞ്ച് ഗ്രേ നിറങ്ങളിലാണ്. ഡിസൈന്‍ മാറ്റം വരുത്തിയ ആദ്യ റേക്ക് തന്നെ കേരളത്തിന് അനുവദിച്ചു.
രണ്ടാം വന്ദേഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാര്‍ക്കുള്‍പ്പെടെ ചെന്നൈയില്‍ നേരത്തെ പരിശീലനം ആരംഭിച്ചിരുന്നു. ഇതിനുപുറമെ മംഗളൂരു-കാസർകോട് സെക്ഷനിൽ വന്ദേഭാരതിന്റെ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ വിവിധ റൂട്ടുകളിലായി ഒമ്പത് വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്നാണോ കാസർകോട് എത്തിച്ച ശേഷമാണോ ഫ്ലാഗ് ഓഫ് നടത്തുകയെന്നതിൽ റെയിൽവേ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.
English Summary: Second Vande Bharat New color, change in design.