‘കോട്ടയം കുഞ്ഞച്ചൻ’ അറസ്റ്റിൽ, പിടിയിലായത് കെ എസ് യു നേതാവ് എബിൻ കോടങ്കര

0
276

തിരുവനന്തപുരം: ഇടതുപക്ഷ നേതാക്കൾക്കും സിപിഐ എം നേതാക്കളുടെ ഭാര്യമാർക്കുമെതിരെ ലൈംഗികാതിക്രമത്തിന്‌ ആഹ്വാനം ചെയ്ത ‘കോട്ടയം കുഞ്ഞച്ചൻ’ അറസ്റ്റിൽ. കെ എസ് യു നെയ്യാറ്റിൻകര നിയോജക മണ്ഡലം വൈസ് പ്രസിഡന്റും കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റുമായ പാറശാല സ്വദേശി എസ് ഇ എബിൻ എന്ന എബിൻ കോടങ്കരയെയാണ് തിരുവനന്തപുരം സൈബർ പൊലീസ് വ്യാഴാഴ്ച വൈകിട്ട് പാറശാല ചെങ്കലിൽ വെച്ച് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന ഫേക്ക് ഐഡിയില്‍ നിന്നാണ് ലൈംഗികാതിക്രമത്തിന് ആഹ്വാനം ചെയ്തുള്ള പോസ്റ്റുകള്‍ ഇയാള്‍ പ്രചരിപ്പിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ സിപിഐ എം നേതാക്കളുടെ ഭാര്യമാരുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് പച്ചതെറി എഴുതി അധിക്ഷേപിച്ച സംഭവത്തിലാണ് എസ് ഇ എബിൻ എന്ന എബിൻ കോടങ്കരയെ അറസ്റ്റ് ചെയ്തത്. രാജ്യസഭാംഗം എ എ റഹീമിൻ്റെ ഭാര്യ അമൃതാ റഹീം, അന്തരിച്ച സിപിഐ എം നേതാവ് പി ബിജുവിൻ്റെ ഭാര്യ ഹർഷ, സിപിഐ എം പ്രവർത്തക സിന്ധു എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഈ ഫോണുകളിൽനിന്ന് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പൊലീസ് കണ്ടെടുത്തു. മൂന്നു കേസുകളാണ് എബിൻ കോടങ്കരക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പൊലീസിന്റെ സൈബർ ഇൻ്റലിജൻസ് വിഭാഗവും സിറ്റി പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയായ എബിനെ പിടികൂടിയത്. ഫോണിൻ്റെ യഥാർത്ഥ ഐപി അഡ്രസ് തിരിച്ചറിയാതെ ഇരിക്കാൻ വി പി എൻ ഓണാക്കി ഇട്ടശേഷമാണ് ഇയാൾ പച്ചതെറി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഹൈടെക്ക് സെല്ലിൻ്റെ സഹായത്തോടെ ഇയാളുടെ ഫോൺ നമ്പർ ട്രാക്ക് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അറസ്റ്റിലായ പ്രതി എബിൻ കോടങ്കര ഇപ്പോൾ സിറ്റി സൈബർ സ്റ്റേഷനിലാണുള്ളത്.

വിദേശരാജ്യങ്ങളിലെ ഐ പി അഡ്രസാണ് കാണിച്ചിരുന്നത്. കഴിഞ്ഞദിവസം പൊലീസ് ഇയാളുടെ ഫോൺ ട്രാക്ക് ചെയ്തു. പിന്നാലെ ഈ ക്രിമിനലിന്റെ യഥാർത്ഥ ഐപി അഡ്രസും ഫോൺ നമ്പർ പിന്തുടർന്ന് പിടിച്ചതോടെ പ്രതിയിലേക്ക് എത്തുകയായിരുന്നു. കോൺഗ്രസ് ഐ ടി സെല്ലിലെ ഉന്നതരുമായുള്ള അടുപ്പവും നിർദ്ദേശവും അവരുടെ പ്രേരണയിലുമാണ് ലൈംഗികാധിക്ഷേപ പോസ്റ്റുകൾ ഇട്ടതെന്ന് പ്രതി പൊലീസിൽ സമ്മതിച്ചു. അറസ്റ്റിലായ എബിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ കരുണാകരൻ പറഞ്ഞു. എബിനുമായി അടുപ്പമുള്ള മറ്റൊരു കോൺഗ്രസ് നേതാവിനെ ഉടൻതന്നെ പിടികൂടും.

കോണ്‍ഗ്രസ് സൈബര്‍ നേതാവായ എബിൻ കോടങ്കര കഴിഞ്ഞ കുറെ ദിവസമായി ഇടതുപക്ഷ നേതാക്കൾക്കും സിപിഐ എം നേതാക്കളുടെ ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കുമെതിരെ ലൈംഗികാതിക്രമത്തിനും കായികാക്രമണത്തിനും ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ നിരന്തരം പോസ്റ്റ് ഇട്ടിരുന്നു. കോൺഗ്രസ് നേതാക്കളുമായും യൂത്ത് കോൺഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന ക്രിമിനലാണ് എബിൻ കോടങ്കര.

‘കോട്ടയം കുഞ്ഞച്ചൻ’ എന്ന ഫേക്ക്‌ ഐഡിയിൽ നിന്നാണ്‌ ലൈംഗികാതിക്രമത്തിന്‌ ആഹ്വാനം ചെയ്‌തുള്ള പോസ്റ്റുകൾ അബിൻ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. നിരവധി കോൺഗ്രസ്‌ അനുകൂല ഹാൻഡിലുകൾ ‘കോട്ടയം കുഞ്ഞച്ചന്റെ’ ഇത്തരം ലൈംഗികാധിക്ഷേപ പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യും. വാട്‌സാപ് ഗ്രൂപ്പുകൾ മുഖേനയും ലൈംഗികച്ചുവയുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ട്‌.

തനിക്കും മറ്റ്‌ സ്ത്രീകൾക്കുമെതിരെ ലൈംഗികാതിക്രമം നടത്താൻ ആഹ്വാനം ചെയ്‌തുള്ള ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിട്ടയാൾക്കെതിരെയും പ്രചരിപ്പിച്ച കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ പി ബിജുവിന്റെ ഭാര്യ ഹർഷ സംസ്ഥാന പൊലീസ്‌ മേധാവിക്കും സിറ്റി പൊലീസ്‌ മേധാവിക്കും മ്യൂസിയം പൊലീസ്‌ സ്റ്റേഷനിലും പരാതി നൽകി. അമൃത റഹിം തിരുവനന്തപുരം സിറ്റി പൊലീസ്‌ മേധാവിക്കും ഡിസിപിക്കും സൈബർ പൊലീസിനും പരാതി നൽകിയിരുന്നു.

English Summary: Abin was arrested by Cyber Police.