ഖലിസ്താൻ വിഘടനവാദി നേതാവ് സുഖ ദുൻക കാനഡയിൽ കൊല്ലപ്പെട്ടു

0
768

ഒട്ടാവ: ഖലിസ്താൻ വിഘടനവാദി നേതാവ് കാനഡയിൽ കൊല്ലപ്പെട്ടു. സുഖ ദുൻക എന്നറിയപ്പെടുന്ന സുഖ്ദൂൽ സിങ്ങാണ് കൊല്ലപ്പെട്ടത്. ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. വിന്നിപെ​ഗിലായിരുന്നു സംഭവം.

2017ലാണ് ഇന്ത്യയിൽ നിരവധി കേസുകളുള്ള സുഖ ദുൻക വ്യാജ രേഖകൾ ഉപയോഗിച്ച് കാനഡയിലേക്ക് കടന്നത്. എൻ.ഐ.എയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇയാളുണ്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നതിനിടെയാണ് പുതിയ കൊലപാതകം.

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന തരത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വിദേശകാര്യമന്ത്രിയും പ്രസ്താവന നടത്തിയിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതോടൊപ്പം ഇരു രാജ്യങ്ങളും പൗരൻമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ദവീന്ദർ ബാമിഹ സംഘത്തിന് സാമ്പത്തികം അടക്കം എല്ലാ സഹായങ്ങളും സുഖ ദുൻക നൽകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2022 മാർച്ച് 14ന് കബഡി താരം സന്ദീപ് സിങ് നങ്കലിനെ സുഖ ദുൻകയുടെ ആസൂത്രണത്തിൽ ഒരു സംഘം കൊലപ്പെടുത്തിയിരുന്നു. ജലന്ധറിലെ മല്ലിയാൻ ഗ്രാമത്തിൽ നടന്ന കബഡി മത്സരത്തിനിടെയാണ് കൊലപാതകം നടന്നത്. പഞ്ചാബിലും അയൽ സംസ്ഥാനങ്ങളുമായി കബഡി താരത്തിന്‍റെ കൊലപാതകം അടക്കം ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുഖ ദുൻക.

english summary: Khalistani Terrorist Sukha Duneke Killed In Canada Gang War