തുറന്നടിച്ച് ചെന്നിത്തല; ഭൂരിപക്ഷംപേർ പിന്തുണച്ചിട്ടും പ്രതിപക്ഷനേതാവാക്കിയില്ല, വാർത്ത പങ്കുവെച്ച് പ്രതിഷേധം

0
995

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തന്നെ ബോധപൂർവം ഒഴിവാക്കിയതിലെ പ്രതിഷേധവും എതിർപ്പും പരസ്യമാക്കി രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎൽഎമാരും തന്നെയാണ് പിന്തുണച്ചതെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ കാർഡും വാർത്തയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ചെന്നിത്തല പ്രതിഷേധം വെട്ടിത്തുറന്നു പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ചെന്നിത്തലയുടെ പരോക്ഷനീക്കം നീക്കം കൂടിയാണിത്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ്‌ ചെന്നിത്തല വാർത്ത പങ്കുവച്ചിരിക്കുന്നത്‌. മാത്രമല്ല, ഈ കാർഡ് ചെന്നിത്തല തന്റെ സ്റ്റാറ്റസാക്കുകയും ചെയ്തു.

ഭൂരിഭാഗം എംഎൽഎമാരുടെയും അഭിപ്രായവും ഭൂരിപക്ഷവും മറികടന്നാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. ചെന്നിത്തല തന്നെ തുടരട്ടെയെന്നായിരുന്നു മിക്ക എംഎൽഎമാരും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ, കെ സുധാകരനും കെ സി വേണുഗോപാലും ചേർന്ന് വി ഡി സതീശനുവേണ്ടി രംഗത്തിറങ്ങി. ഒടുവിൽ ചെന്നിത്തല പോലും അറിയാതെ വളരെ രഹസ്യമായി വി ഡി സതീശന്റെ പേര് ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ചെന്നിത്തലയെ വെട്ടി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്.

തന്നെ അവഗണിച്ച പാർട്ടി നടപടിയിൽ നേരത്തെയും ചെന്നിത്തല പ്രതിഷേധവും സങ്കടവും അറിയിച്ചിരുന്നു. എന്നാൽ, തുറന്ന പോരിന് തയ്യാറായിരുന്നില്ല. ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നൽകാതെയാണ് ഹൈക്കമാൻഡ് വി ഡി സതീശൻറെ പേര് പ്രഖ്യാപിച്ചതെന്ന് ഉമ്മൻചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ചെന്നിത്തലയെ വെട്ടിയതിനെ കുറിച്ചുള്ള നിർണായക പരാമർശം. ഇതോടെയാണ് വി ഡി സതീശൻ അടക്കമുള്ളവർക്കെതിരെ ചെന്നിത്തല രംഗത്തുവന്നത്. അതിന്റെ ഭാഗമായിട്ടാണ് ഏഷ്യാനെറ്റ്നേ വാർത്ത ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തത്.

വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള തർക്കം പുറത്തുവന്നതിന്‌ പിന്നാലെ കോൺഗ്രസിലെ തമ്മിലടി കൂടുതൽ രൂക്ഷമാക്കിയാണ് രമേശ്‌ ചെന്നിത്തല പോസ്റ്റിട്ടിരിക്കുന്നത്. 2021 നിയമസഭ തെരഞ്ഞെടുപ്പിന്‌ ശേഷം പ്രതിപക്ഷ നേതാവാകാൻ കൂടുതൽ കോൺഗ്രസ്‌ എംഎൽഎമാരും പിന്തുണച്ചത്‌ ചെന്നിത്തലയെ ആണെന്ന ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ ഭാഗം മുൻനിർത്തിയാണ്‌ സതീശനെതിരായ ചെന്നിത്തലയുടെ ഒളിയമ്പ്‌. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴും പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും തന്നെ നീക്കിയ രീതി വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് ചെന്നിത്തല തുറന്നുപറഞ്ഞിരുന്നു. വരുംദിവസങ്ങളിൽ കോൺഗ്രസിൽ കലാപം കൂടുതൽ മുറുകുമെന്നു തെളിയിക്കുന്നതാണ് രമേശ് ചെന്നിത്തലയുടെ വെട്ടിതുറന്നുള്ള ഈ പറച്ചിൽ.

English Summary: Chennithala was not made Leader of Opposition despite the support of the majority.