അക്കൗണ്ടിലേക്ക് 9,000 കോടി രൂപ; കണ്ണുതള്ളി ക്യാബ് ഡ്രൈവർ

'ദേ വന്നു ദാ പോയി' എന്ന അവസ്ഥ അനുഭവിച്ചറിഞ്ഞ് രാജ്‌കുമാർ.

0
753

ചെന്നൈ: അര അമണിക്കൂറെങ്കിൽ അര മണിക്കൂർ. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായി മാറുകയെന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അങ്ങനെ അര മണിക്കൂർ നേരം ശതകോടീശ്വരനായി മാറിയത് തമിഴ്‌നാട്ടിലെ ഒരു ക്യാബ് ഡ്രൈവറാണ്. പഴനി നെയ്ക്കരപ്പട്ടി സ്വദേശിയായ രാജ്‌കുമാറാണ് 30 മിനിറ്റ് നേരം 9,000 കോടി രൂപയുടെ അവകാശിയായി മാറിയത്. ആകെ 105 രൂപ മാത്രം അക്കൗണ്ടിലുണ്ടായിരുന്ന രാജ്‌കുമാർ നിമിഷനേരം കൊണ്ടാണ് ശത കോടീശ്വരനായത്. എന്നാൽ, അതേ വേഗത്തിൽത്തന്നെ വീണ്ടും രാജ്‌കുമാർ 105 രൂപ മാത്രം നീക്കിയിരുപ്പുള്ള ആളായി മാറി. ‘ദേ വന്നു, ദാ പോയി’ എന്ന് പറഞ്ഞ അവസ്ഥ അനുഭവിച്ചറിഞ്ഞിരിക്കുകയാണ് രാജ്‌കുമാർ. തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ നിന്നാണ് രാജ്‌കുമാറിന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ ‘ഞെട്ടിക്കുന്ന’ തുക എത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവം ഇങ്ങനെ. ഈ താമസം ഒമ്പതിനാണ് തുക വന്നത്. സാധാരണപോലെ ഉച്ചയൂണിനുശേഷം ചെറു മയക്കം കഴിഞ്ഞപ്പോൾ മൂന്ന് മണിയോടെ രാജ്‌കുമാറിന് ഒരു എസ്എംഎസ് ലഭിക്കുന്നു. തന്റെ ബാങ്ക് അക്കൗണ്ടിൽ 9,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരം. മൊത്തം ബാലൻസ് നോക്കുമ്പോൾ ഈ തുകയും ചേർത്ത് കാണിക്കുന്നു. അതുവരെ ആകെ 105 രൂപയാണ് രാജ്‌കുമാറിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും ഇത്രയും വലിയ കോടികൾ തന്റെ അക്കൗണ്ടിലേക്ക് വരാൻ ഇടയില്ലെന്ന് ഉറപ്പുള്ള രാജ്‌കുമാർ സ്വന്തം കയ്യിൽ നുള്ളിനോക്കിയാണ് ഇക്കാര്യം സ്വപ്നമല്ലെന്ന് ഉറപ്പിക്കുന്നത്. തട്ടിപ്പാണോ അതോ ആരെങ്കിലും പേടിക്കണോ മറ്റോ ചെയ്തുവെന്നാണ് ആദ്യം കരുതിയത്. സ്ഥിരീകരിക്കാനായി സുഹൃത്തിന് 21,000 രൂപ അയച്ചുകൊടുത്തു. പണം സുഹൃത്തിനു കിട്ടി. ഇതോടെ 9,000 കോടി രൂപ വന്നതായി ഉറപ്പായി.

അര മണിക്കൂർ കഴിഞ്ഞപ്പോൾ തമിഴ്‌നാട് മെർക്കന്റൈൽ ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന തൂത്തുക്കുടിയിൽനിന്ന് രാജ്കുമാറിന് ഫോൺ വിളിയെത്തി. 9,000 കോടി രൂപ അബദ്ധത്തിൽ നിക്ഷേപിച്ചതാണെന്നും അറിയിച്ചു. കൂടുതൽ ഇടപാടുകൾ നടത്തരുതെന്നും നിക്ഷേപിച്ച തുക പിൻവലിക്കുകയാണെന്നും അറിയിച്ചു. അൽപ്പസമയത്തിനകം ബാങ്ക് രാജ്കുമാറിന്റെ അക്കൗണ്ടിൽനിന്ന് തുക പിൻവലിക്കുക‌യും ചെയ്തു. പിൻവലിച്ച തുക തിരിച്ചടച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ബാങ്ക് അധികൃതർ പേടിപ്പിച്ചതോടെ രാജ്‌കുമാർ സുഹൃത്തിനെയും അഭിഭാഷകനെയും കൂട്ടി ബാങ്കിലെത്തി. ബാങ്കിന്റെയും രാജ്കുമാറിന്റെയും അഭിഭാഷകർ ചെന്നൈ ത്യാഗരായ നഗറിലുള്ള ബാങ്കിന്റെ ശാഖയിലെത്തി ഒത്തുതീർപ്പിലെത്തി. 9000 കോടി രൂപയിൽനിന്ന് പിൻവലിച്ച 21,000 രൂപ തിരികെ നൽകേണ്ടെന്നും വാഹന വായ്പ നൽകാമെന്നും ബാങ്ക് അറിയിച്ചതായി രാജ്കുമാർ പറഞ്ഞു.

അബദ്ധത്തിലാണെങ്കിലും ശതകോടികൾ തന്റെ അക്കൗണ്ടിൽ ക്രഡിറ്റ് ആയതിന്റെ ഞെട്ടൽ രാജ്‌കുമാറിന് ഇനിയും വിട്ടുമാറിയിട്ടില്ല. തുക അപ്പാടെ ബാങ്ക് പിൻവലിച്ചുവെങ്കിലും 21,000 രൂപ തിരിച്ചടക്കേണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞതോടെയാണ് ആന്തൽ മാറിയത്. മാത്രമല്ല, വാഹന വായ്പ കൂടി നൽകാമെന്ന് ബാങ്ക് ഉറപ്പ് നൽകിയതോടെ ആഹ്ലാദത്തിലാണിപ്പോൾ രാജ്‌കുമാർ. കോടമ്പാക്കത്ത് സുഹൃത്തുക്കൾക്കൊപ്പം താമസിച്ചാണ് ടാക്സി ഓടിക്കുന്നത്.

English Summary: Rs 9,000 crore had been deposited into cabbie’s account by mistake.