ബോളിവുഡ്‌ നടൻ അഖിൽ മിശ്ര അന്തരിച്ചു; ത്രീ ഇഡിയറ്റ്‌സിലെ ലൈബ്രേറിയൻ

അടുക്കളയിൽ സ്റ്റൂളിലിരുന്ന് ജോലി ചെയ്യാൻ ശ്രമിക്കവേ തെന്നിവീഴുകയായിരുന്നു

0
564

മുംബൈ: ത്രീ ഇഡിയറ്റ്‌സിലെ ലൈബ്രേറിയൻ ദുബെയുടെ വേഷത്തിലൂടെ പ്രശസ്‌തനായ നടൻ അഖിൽ മിശ്ര (58) അന്തരിച്ചു. അടുക്കളയിൽ തെന്നിവീണ്‌ തലയിടിച്ചാണ്‌ മരണം. ഭാര്യ സുസെയ്ൻ ബേണെറ്റ്‌ ആണ്‌ മരണവാർത്ത പങ്കുവച്ചത്‌. രക്തസമ്മർദ സംബന്ധമായി അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. അടുക്കളയിൽ സ്റ്റൂളിലിരുന്ന് ജോലി ചെയ്യാൻ ശ്രമിക്കവേ തെന്നിവീഴുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിശ്രയുടെ സുഹൃത്ത് കുൽവീന്ദർ ബക്ഷിയും നടന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടം നടക്കുമ്പോൾ ഹൈദരാബാദിൽ ചിത്രീകരണത്തിലായിരുന്നു സൂസേയ്ൻ ബേണെറ്റ്. ഡോൺ, ​ഗാന്ധി മൈ ഫാദർ, ശിഖർ തുടങ്ങിയവയാണ് അഖിൽ മിശ്ര അഭിനയിച്ച് ശ്രദ്ധേയമായ ചിത്രങ്ങൾ. 2009 ഫെബ്രുവരി മൂന്നിനാണ് അഖിൽ മിശ്രയും ജർമൻ നടിയുമായ സൂസെയ്‌നും തമ്മിലുള്ള വിവാഹം. 2011 സെപ്റ്റംബർ 30-ന് പരമ്പരാ​ഗതമായ ചടങ്ങുകളോടെ ഇവർ വീണ്ടും വിവാഹിതരായി