ഏഷ്യൻ ഗെയിംസ്‌; വോളിയിൽ ഇന്ത്യക്ക് മിന്നും ജയം, ഫുട്‌ബോളിൽ കടന്നുകൂടി, വനിതാ ക്രിക്കറ്റിൽ സെമിയില്‍,

സുനിൽ ഛേത്രിയുടെ പെനാൽറ്റി ​ഗോളാണ് ഫുട്‌ബോളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

0
369

ഹാങ്‌ചൗ: ഏഷ്യാ ഗെയിംസിൽ മെഡൽ പ്രതീക്ഷ വർധിപ്പിച്ച് വോളിബോളും വനിതാ ക്രിക്കറ്റും. പുരുഷന്മാരുടെ വോളിബോളില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യ 12ലെത്തിയത്. പൂള്‍ സിയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 3-2നാണ് ഇന്ത്യ കൊറിയയെ തകര്‍ത്തത്. ആദ്യ സെറ്റ് നഷ്ടമായ ഇന്ത്യ പിന്നീട് തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ നേടിയാണ് തിരിച്ചുവന്നത്. സ്‌കോര്‍: 25-27, 29-27, 25-22, 20-25, 17-15. ആദ്യ മത്സരത്തില്‍ കംബോഡിയയെ ഇന്ത്യ 3-0ന് തകര്‍ത്തിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരം ചൈനയുമായിട്ടാണ്. ഇതുംകൂടി കൂടി ജയിച്ചാൽ പുരുഷ വോളിയിലും മെഡൽ പ്രതീക്ഷ ഉയരും.

ഫുട്ബോൾ ​ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ​ഗോളിന് പരാജയപ്പെടുത്തി. 85-ാം മിനിറ്റിൽ ക്യാപ്‌റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ വിജയം നിർണയിച്ച ഗോൾ നേടിയത്. ഛേത്രിയുടെ പെനാൽറ്റി ​ഗോളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ ആദ്യ മത്സരത്തിൽ ചൈനയോടേറ്റ തിരിച്ചടിയിൽനിന്നും കരകയറാൻ ഇന്ത്യക്കായി. ആദ്യ മത്സരത്തിൽ 5-1നാണ് ഇന്ത്യ ചൈനയോടെ തോറ്റത്. 24ന്‌ മ്യാൻമറിനോടാണ് അടുത്തമത്സരം.

അതേസമയം, മെഡൽ പ്രതീക്ഷ വർധിപ്പിച്ച് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ കടന്നു. മലേഷ്യക്കെതിരെ വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മെച്ചപ്പെട്ട റാങ്കിങ്ങാണ് ഇന്ത്യൻ സംഘത്തിന് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. മഴയെത്തുടർന്ന് മത്സരത്തിന്റെ ആദ്യ ദിനം 15 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മലേഷ്യക്കെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റൺസെടുത്തു മറുപടി ബാറ്റിങ്ങിനായി മലേഷ്യ ഇറങ്ങിയപ്പോള്‍ ആകെ രണ്ട് പന്താണ് എറിയാനായത്. മഴ കനത്തതോടെ മത്സരം ഉപേക്ഷിച്ചു.

English Summary: Sunil Chhetri’s penalty goal led India to victory.