കാവിക്കൊടിയുമായി ട്രെയിൻ തടഞ്ഞു; ഫറോക്കിൽ ബീഹാർ സ്വദേശി അറസ്റ്റിൽ

പിടിയിലായ ഈസ്റ്റ് ചമ്പാരൻ നർഹ പാണാപുര സ്വദേശിയെ ചോദ്യം ചെയ്യുന്നു.

0
206

കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കാവിക്കൊടിയുമായി ട്രെയിൻ തടഞ്ഞ യുവാവ് അറസ്റ്റിൽ. ബിഹാർ ഈസ്റ്റ് ചമ്പാരൻ നർഹ പാനാപുരിലെ മൻദിപ് ഭാരതിയാണ് (26) പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം. ഫറോക്ക് സ്റ്റേഷനിൽ എത്തിയ മംഗളൂരു – നാഗർകോവിൽ പരശുറാം എക്സ്പ്രസ് ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് ഇയാൾ കാവിക്കൊടിയുമായി വന്ന് ട്രെയിൻ തടഞ്ഞത്.

കൈയിലുണ്ടായിരുന്ന വടിയിൽ കാവിക്കൊടി കെട്ടി ട്രാക്കിൽ ഇറങ്ങിയ മൻദിപ് ഭാരതി ട്രെയിനിന്റെ മുന്നിൽ നിലയുറപ്പിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് സ്റ്റേഷൻ ജീവനക്കാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ് എത്തിയ ജീവനക്കാർ മൻദിപ് ഭാരതിയെ പിടികൂടി റെയിൽവേ സംരക്ഷണ സേനയ്ക്ക് കൈമാറി.

കുറ്റിപ്പുറത്ത് കൂലിപ്പണിക്കാരനായിരുന്ന തനിക്ക് 16,500 രൂപ കിട്ടാനുണ്ടെന്നും ഇതു നൽകാത്തതിനാലാണ് ട്രെയിൻ തടഞ്ഞതെന്നുമാണ് മൻദിപ് പറയുന്നത്. അതേസമയം, മൊഴിയിൽ വൈരുധ്യമുള്ളതിനാൽ ആർപിഎഫ് അന്വേഷണം തുടങ്ങി. സംഭവത്തെതുടർന്ന് 10 മിനിറ്റ് വൈകിയാണ് പരശുറാം എക്സ്പ്രസ് സ്റ്റേഷൻ വിട്ടത്.

English Summary: RPF Starts Investigation in Ferok issue.