‘വിനായകൻ കിടു; വർമ്മൻ ഇല്ലാതെ ജയിലറില്ല’- രജനികാന്ത്

0
553

ചെന്നൈ: ജയിലർ സിനിമയിലെ വർമ്മനെ അവതരിപ്പിച്ച വിനായകനെ വാനോളം പുകഴ്ത്തി സൂപ്പർസ്റ്റാർ രജനികാന്ത്. അസാധ്യവും അതിമനോഹരവുമായാണ് വിനായകൻ വർമ്മനെ അവതരിപ്പിച്ചതെന്ന് ജയിലര്‍ സിനിമയുടെ വിജയാഘോഷ ചടങ്ങിൽ രജനികാന്ത് പറഞ്ഞു. വർമ്മൻ ഇല്ലെങ്കിൽ ജയിലർ ഇല്ല എന്നതിൽ ഒരു തർക്കവും സംശയവും വേണ്ട. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമ്മനും. വർമ്മൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. വിനായകൻ ഇന്നിവിടെ ഈ ആഘോഷത്തിൽ വന്നിട്ടില്ല. എത്ര മനോഹരമായാണ് വിനായകൻ വർമ്മനായി അഭിനയിച്ചിരിക്കുന്നത്. അതിമനോഹരം എന്നും രജനി പറഞ്ഞു.

ഷോലെയിലെ ഗബ്ബാൻ സിംഗ് പോലെ വർമ്മൻ സെൻസേഷന്‍ ആകുമെന്ന് താൻ അന്നേ പറഞ്ഞിരുന്നു. കഥ കേൾക്കുമ്പോൾ തന്നെ വർമ്മൻ എന്ന കഥാപാത്രം സെൻസേഷണൽ ആകുമെന്ന് അറിയാമായിരുന്നുവെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.

സിനിമയിലെ മുഴുവൻ അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും നിര്‍മ്മാതാവിന്‍റെയും ഒക്കെ പേരെടുത്തു പറഞ്ഞാണ് രജനികാന്ത് അഭിനന്ദിച്ചത്. വളരെയധികം സന്തോഷത്തോടെയും അതിലുപരി ആഹ്ലാദത്തോടെയുമായിരുന്നു സൂപ്പർതാരത്തിന്റെ വാക്കുകൾ. രജനി ഏറ്റവുമധികം പ്രശംസിച്ചത് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെയും വിനായകനെയും ആയിരുന്നു. റീ റെക്കോര്‍ഡിംഗിന് മുന്‍പ് കണ്ടപ്പോള്‍ ആവറേജിന് മുകളിലുള്ള ഒരു അനുഭവം മാത്രമായിരുന്നു തനിക്ക് ജയിലറെന്ന് രജനികാന്ത് പറഞ്ഞു.

പിന്നീട് സംഭവിച്ച അനിരുദ്ധ് മാജിക്കിനെക്കുറിച്ചും അദ്ദേഹം വാചാലനായി. വിജയാഘോഷത്തിന്‍റെ ഭാഗമായി തനിക്കും സംവിധായകന്‍ നെല്‍സണും അനിരുദ്ധിനും കാറുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് കലാനിധി മാരനെ പ്രശംസിച്ചുകൊണ്ടാണ് രജനി പ്രസംഗം തുടങ്ങിയത്.

English Summary: Vinayakan’s acting is superb; Rajinikanth.