‘എന്നെ പ്രശംസിക്കുന്നത് എനിക്കിഷ്ടമല്ല, അതുകൊണ്ട് സുധാകരനെ തടഞ്ഞു, തമ്മിലടിയുണ്ടായി’- വിചിത്ര വാദവുമായി വി ഡി സതീശൻ

പുതുപ്പള്ളി വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് തനിക്ക് തരാതിരിക്കാൻ വേണ്ടിയാണ് സുധാകരനെ തടഞ്ഞതെന്നും സതീശൻ.

0
167

തിരുവനന്തപുരം: തന്നെ പ്രശംസിക്കുന്നത് തീരേ ഇഷ്ടമല്ലാത്തതുകൊണ്ടാണ് വാർത്താസമ്മേളനത്തിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തമ്മിലടി ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തന്നെ പ്രശംസിക്കണമെന്ന് കെ സുധാകരന് ഒരേ വാശി. പറ്റില്ലെന്ന് താൻ. എന്നാൽ, വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ സുധാകരൻ പറഞ്ഞു. അത് വേണ്ടെന്നു താനും ആവർത്തിച്ചു. വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് തനിക്ക് തരാതിരിക്കാൻ വേണ്ടിയാണ് സുധാകരനുമായി തമ്മിലടി ഉണ്ടായതെന്നും സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കെ സുധാകരനും വി ഡി സതീശനും തമ്മിൽ വാർത്താസമ്മേളനവേദിയിലുണ്ടായ തമ്മിലടി വീഡിയോ വൈറലായതിന് പിന്നാലെയാണ് സതീശന്റെ വിചിത്ര ന്യായീകരണം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സുധാകരനുമായി തമ്മിലടി ഉണ്ടായി എന്നത് സത്യമാണ്. ‘ശരിക്ക് പറഞ്ഞാൽ അതിൽ ഒരു സത്യമുണ്ട്. ഞാനും കെപിസിസി പ്രസിഡന്റും തമ്മിൽ ഒരു തർക്കമുണ്ടായി. വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. അത് വേണ്ടന്ന് താൻ നിർദേശിച്ചു. വാർത്താസമ്മേളനത്തിന് പോകാൻ നേരം വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്ന് പറയുമെന്ന് സുധാകരൻ വാശി പിടിച്ചു. ഒരു കാരണവശാലും പറയാൻ പറ്റില്ലെന്ന് താനും പറഞ്ഞു. അങ്ങനെ പറയാൻവന്ന കെ സുധാകരനെ തടയാനാണ് ഞാൻ നോക്കിയത്. അപ്പോഴാണ് അദ്ദേഹം ഞാനാണ് കെപിസിസി പ്രസിഡന്റെന്നും ഞാൻ ആദ്യം പറയുമെന്നും പറഞ്ഞത്. അപ്പോഴാണ് ഞാൻ മൈക്ക് കൂട്ടത്തോടെ ഉന്തിത്തള്ളി നൽകിയത്’- സതീശൻ പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൂടുതൽ പ്രതികരിക്കാതിരുന്നത് തൊണ്ടയ്ക്ക് പ്രശ്‌നം ഉണ്ടായിരുന്നതിനാലാണെന്നും സതീശൻ പറഞ്ഞു. അല്ലാതെ തമ്മിലടിയെത്തുടർന്നല്ല. വാർത്താസമ്മേളനത്തിൽ ആരാദ്യം തുടങ്ങണമെന്നതിനെച്ചൊല്ലി കെ സുധാകരനും വി ഡി സതീശനും തമ്മിലടിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശൻ. സ്വന്തം പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ പോലും അപഹസിക്കുന്ന വി ഡി സതീശനെതിരെ കോൺഗ്രസുകാർ തന്നെ രംഗത്തുവന്നിരുന്നു. ഇതോടെയാണ് ജാള്യത മറക്കാൻ ‘പുതിയ പ്രശംസാപത്രവുമായി’ സതീശൻ രംഗത്തുവന്നത്.

English Summary: V D Satheeshan about pressmeet dispute video with K Sudhakaran.