കുഴൽനാടൻ കുടുങ്ങി; ചിന്നക്കനാൽ ഭൂമി കുംഭകോണത്തിൽ വിജിലൻസ്‌ അന്വേഷണത്തിന്‌ അനുമതി

1988ലെ അഴിമതി നിരോധന നിയമം പ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് നിർദ്ദേശം.

0
160

തിരുവനന്തപുരം: ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടിൽ കോൺഗ്രസ്‌ എംഎൽഎ മാത്യു കുഴൽനാടൻ കുരുക്കിലേക്ക്‌. സംഭവത്തിൽ വിജിലൻസ്‌ അന്വേഷണത്തിന്‌ അനുമതി നൽകി. ചീഫ് സെക്രട്ടറിയാണ് വിജിലസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമം പ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് അനുമതി. മൂവാറ്റുപുഴ എംഎൽഎയും കെപിസിസി അംഗവുമാണ്‌ മാത്യു കുഴൽനാടൻ.

ബിനാമി ഇടപാടിലൂടെ ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും സ്വന്തമാക്കിയെന്നതാണ്‌ കേസ്‌. ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചു. മൂന്നാർ ദേവികുളം വില്ലേജിൽ ചിന്നക്കനാലിലാണ്‌ ഭൂമിയും ആഡംബര റിസോർട്ടും. 3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻതന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്‌.

സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാർ ഈ തുകയ്‌ക്കുമാത്രമായി 15,40,800- രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷനും നടത്തിക്കൊടുത്തു. ഇതിലൂടെ യഥാർഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി വൻതുകയും തട്ടിച്ചു. വസ്‌തുവിനും വമ്പൻ കെട്ടിടത്തിനുമായി ആറുകോടിയോളം രൂപയുടെ വിപണി മൂല്യമുണ്ട്‌. കൊല്ലം ശക്തികുളങ്ങര കാവനാട്‌ മീനത്തുചേരി കപ്പിത്താൻസ്‌ മാനറിൽ ജന്നിഫർ അൽഫോൻസിൽനിന്ന്‌ മാത്യു കുഴൽനാടൻ, പത്തനംതിട്ട അങ്ങാടി കാവുങ്കൽ വീട്ടിൽ ടോം സാബു, ടോണി സാബു എന്നിവരുടെ പേർക്കാണ്‌ ആധാരം തീറാക്കിയത്‌.

 

2021 മാർച്ച്‌ 18നാണ്‌ 561/21 നമ്പർ പ്രകാരം ആധാരം രജിസ്റ്റർ ചെയ്‌തത്‌. ഈ വസ്തുവിനും 4000 ചതുരശ്രയടി കെട്ടിടത്തിനും മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ്‌ കമീഷനു നൽകിയ സത്യവാങ്മൂലത്തിൽ കുഴൽനാടൻ വ്യക്തമാക്കുന്നുണ്ട്. യഥാർഥ വിപണി വില മറച്ചുവച്ച്, ഭൂമിയുടെ ന്യായവില കാട്ടി ആധാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. കെട്ടിടമുള്ള കാര്യം മറച്ചുവച്ചാണ് ഭൂമി രജിസ്ട്രേഷൻ നടത്തിയത്. അനധികൃതമായി നിർമിച്ച കെട്ടിടം ആധാരത്തിൽ ഉൾപ്പെടുത്തിയാൽ രജിസ്ട്രേഷന് തടസ്സമാകുമെന്നത്‌ മനസ്സിലാക്കിയാണ് അതും മറച്ചുവച്ചത്. ഇതുവഴി അറുപത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ്‌ കണക്കാക്കുന്നു.

സർക്കാർ ഉദ്യോഗസ്ഥരെ അനധികൃതമായി സ്വാധീനിച്ച് തട്ടിപ്പിന് പങ്കാളികളാക്കുകയായിരുന്നു എംഎൽഎ എന്നും ആക്ഷേപമുണ്ട്‌. 1,92,60,000 രൂപയ്‌ക്ക്‌ രജിസ്റ്റർ ചെയ്‌ത ഭൂമിക്ക്, തൊട്ടടുത്ത ദിവസം മൂന്നരക്കോടി വിലയുണ്ട്‌ എന്നുകാട്ടി സത്യവാങ്‌മൂലം നൽകുകവഴി തെരഞ്ഞെടുപ്പ്‌ കമീഷനെയും തെറ്റിദ്ധരിപ്പിച്ചു. രജിസ്റ്റർ ചെയ്‌ത ഭൂമിക്ക് ഇരട്ടിയോളം വിലയുണ്ടെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമത്തിന്‌ തെരഞ്ഞെടുപ്പ്‌ കമീഷനെയും കരുവാക്കി.

അടുത്തിടെ കുഴൽനാടൻ്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് അനുവദിച്ചിരുന്നു. റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് നൽകിയിരിക്കുന്നത്. ഹോം സ്റ്റേ, റിസോർട്ടെന്ന് പഞ്ചായത്ത് രേഖകളിൽ രേഖപ്പെടുത്തിയത് ക്ലറിക്കൽ പിഴവെന്ന് വ്യക്തമാക്കിയാണ് പഞ്ചായത്ത് ലൈസൻസ് അനുവദിച്ചത്. എന്നാൽ, തന്റേത് സ്വകാര്യ ഗസ്റ്റ് ഹൗസ് ആണെന്നായിരുന്നു കുഴൽനാടന്റെ വാദം. ഇതിനിടയിലാണ് ദുരൂഹമായ സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ ലൈസൻസ് അനുവദിച്ചത്.

English Summary: A preliminary inquiry has been ordered under the Prevention of Corruption Act, 1988.