വ്യക്തിപരമായി ഉപദ്രവിക്കാൻ ആയുധം കൈയിൽ കിട്ടിയിട്ടും സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ അന്ന് അതിനു തുനിഞ്ഞില്ല ; ഉമ്മൻചാണ്ടിയുടെ ആത്മകഥ

0
52537

വ്യക്തിപരമായി ഉപദ്രവിക്കാൻ തക്കതായ ആയുധം കൈയിൽ കിട്ടിയിട്ടും ദുരുപയോഗം ചെയ്യാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ തുനിഞ്ഞില്ലെന്ന്‌ ആത്മകഥയിൽ ഉമ്മൻചാണ്ടി. മറിയയുടെ ഭർത്താവ്‌ 2008 മാർച്ചിൽ വിവാഹമോചനത്തിന്‌ നോട്ടീസയച്ചിരുന്നു. കോടതിയിൽ ബലം കിട്ടാൻ അവർ അപവാദം പ്രചരിപ്പിക്കാൻ തുടങ്ങി: ‘‘ഇതിനിടെ, മറിയയുടെ ഭർത്താവിന്റെ വീടുമായി ബന്ധപ്പെട്ട ചിലർ ലഘുലേഖകൾ അച്ചടിച്ച്‌ പ്രചരിപ്പിച്ചു. അതുമായി അവർ പത്രസമ്മേളനം നടത്തി. ആരും അത്‌ കാര്യമാക്കിയില്ല. അവർ പിണറായി വിജയനെ ചെന്നുകണ്ടു. അന്ന്‌ അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയാണ്‌. അനുകൂല പ്രതികരണം പ്രതീക്ഷിച്ച്‌ ചെന്നവർ നിരാശരായി മടങ്ങി എന്നാണ്‌ ഞാൻ പിന്നീട്‌ മനസ്സിലാക്കിയത്‌. അന്ന്‌ ഞാൻ പ്രതിപക്ഷ നേതാവാണ്‌. പിണറായി വിജയൻ പി ജയരാജനെ എന്റെ അടുത്തേക്കയച്ചു. നിയമസഭയിൽ ഞങ്ങൾ കണ്ടു. ഇത്തരം വൃത്തികേടുകൾക്ക്‌ കൂട്ടുനിൽക്കില്ലെന്ന സന്ദേശം എന്നെ അറിയിച്ചു.’’ ( ‘കാലംസാക്ഷി’ –- പേജ്‌ 398).

സോളാർ അധ്യായത്തിൽ കേസിന്റെ വിശദാംശങ്ങൾ ഉണ്ടെങ്കിലും ഉത്ഭവം സംബന്ധിച്ച്‌ വ്യംഗ്യമായി സൂചിപ്പിച്ചിട്ടേയുള്ളൂ: ‘‘സോളാറിൽ സംവിധായകർ പലതായിരുന്നു. പ്രധാന വേഷങ്ങൾ കൂടാതെ ഇടത്തരം കഥാപാത്രങ്ങളും തകർത്താടി.’’ സിപിഐ എമ്മിനെ വിമർശിക്കുന്നതിൽ ഒരു ലോഭവും കാണിച്ചിട്ടുമില്ല. തന്റെ സർക്കാരിനെ ഇല്ലാതാക്കാൻ ഇടതുമുന്നണി സോളാർ ഉപയോഗിച്ചെന്ന്‌ പറയുന്നുണ്ട്‌. അപ്പോഴും, കേസിന്റെ ഉറവിടം സിപിഐ എം ആണെന്ന്‌ പറഞ്ഞിട്ടേയില്ല.

ശിവരാജൻ കമീഷൻ ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിച്ചതാണ്‌ പ്രശ്നങ്ങൾക്ക്‌ കാരണമെന്ന തിരുവഞ്ചൂരിന്റെ വ്യാഖ്യാനങ്ങൾ ശരിയല്ലെന്നാണ്‌ തെളിയിക്കുന്ന വസ്തുതകളും പുസ്തകത്തിലുണ്ട്‌: ‘‘ടേംസ്‌ ഓഫ്‌ റഫറൻസ്‌ തീരുമാനിച്ചപ്പോൾ, ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അന്വേഷണപരിധിയിൽ വരണമെന്നത്‌ എന്റെ നിർബന്ധമായിരുന്നു. എല്ലാ വസ്തുതകളും അന്വേഷിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവും കമീഷനെ 
ഭരമേൽപ്പിച്ചുകൊടുത്തു.’’

എല്ലാത്തിനും പിന്നിൽ പിണറായി ആണെന്ന്‌ പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടികൂടിയാണ്‌ ‘കാലം സാക്ഷി’. മുതിർന്ന മാധ്യമ പ്രവർത്തകനായ സണ്ണിക്കുട്ടി എബ്രഹാമാണ്‌ 410 പേജുള്ള പുസതകം എഴുതിയത്‌.