ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലും സഞ്ജു പുറത്ത്; കെ എൽ രാഹുൽ ക്യാപ്റ്റൻ

മോശം ഫോമിലുള്ള സൂര്യകുമാർ യാദവും പരിക്കേറ്റ ശ്രേയസ് അയ്യരും ടീമിൽ.

0
292

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താതെ ബിസിസിഐ. അതേസമയം, മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനും പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യർക്കും ടീമില്‍ സ്ഥാനം ലഭിച്ചു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കുന്ന ഋതുരാജ് ഗെയ്‌ക്‌വാദും ടീമിൽ കയറിപ്പറ്റി. സഞ്ജുവിനെ ഒഴിവാക്കിയപ്പോഴും തിലക് വർമയെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തി. അടുത്തിടെ ഏകദിന മത്സരങ്ങളില്‍ മികച്ച ഫോമിലുള്ള താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിനെ ഇന്ത്യൻ സ്‌ക്വാഡിൽ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

സെപ്റ്റംബർ 22നാണ് ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം നൽകി. കെ എൽ രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ടീമിനെ നയിക്കുക. മൂന്നാം ഏകദിനത്തിൽ രോഹിതിന്റെ നേതൃത്വത്തിലുള്ള ലോകകപ്പ് ടീം തന്നെയാകും രംഗത്തിറങ്ങുക. ആർ അശ്വിനെയും വാഷിംഗ്ടൺ സുന്ദറിനെയും ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തി. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്‌സര്‍ പട്ടേലും ടീമിലുണ്ട്. മൊഹാലിയിൽ സെപ്റ്റംബർ 22നും ഇന്‍ഡോറിൽ 24നും രാജ്കോട്ടിൽ 27നും ആണ് മത്സരങ്ങൾ.

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ്മ, പ്രസീദ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോലി, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ , ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍.

English Summary: Sanju also out of ODI against Australia.