കേരളീയം നവംബർ ഒന്നുമുതൽ; തുടര്‍പതിപ്പുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി

അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് മുഖ്യപരിപാടി.

0
134

തിരുവനന്തപുരം: കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ച കേരളീയം എന്ന പേരില്‍ മലയാളത്തിന്‍റെ മഹോത്സവം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. അതിനായി വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ അരങ്ങേറും.

ലോകത്തെ തന്നെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരേയും വിദഗ്ധരേയും ഉൾപ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് മുഖ്യപരിപാടി. ഭാവി കേരളത്തിന്റെ മാര്‍ഗ രേഖ തയ്യാറാക്കലാണ് ലക്ഷ്യമിടുന്നത്. പ്രദര്‍ശന മേളകളും നടത്തും. പ്രവാസി മലയാളികള്‍ കേരളീയത്തിന്റെ ഭാഗമാകണം. കേരളീയത്തിന്റെ തുടര്‍പതിപ്പുകള്‍ ഉണ്ടാകും.

അഞ്ച് ദിവസങ്ങളിലായി 25 സെമിനാറുകൾ നടക്കും. കേരളത്തിന്റെ നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്താൻ എക്‌സിബിഷനുകളും നടക്കും. തലസ്ഥാന നഗരമാകെ പ്രദർശന വേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക. കലാ സാംസ്‌കാരിക പരിപാടികൾ, ട്രേഡ് ഫെയറുകൾ, ഭക്ഷ്യമേളകൾ എന്നിവയും ഒരുക്കും. കേരളത്തിന്‍റെ നേട്ടങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന എക്സിബിഷനുകള്‍ ഉണ്ടാകും. പത്തോളം പ്രദര്‍ശനങ്ങള്‍ വിവിധ വേദികളിലായി നടത്തും. തലസ്ഥാന നഗരമാകെ ഒരു പ്രദര്‍ശനവേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക. കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭക്ഷ്യ സംസ്കാരം അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും ഒരുക്കും. തിരുവനന്തപുരം നഗരത്തെ ദീപാലങ്കൃതമാക്കിയും ചരിത്രസ്മാരകങ്ങളെ അലങ്കരിച്ചും വര്‍ണകാഴ്ച ഒരുക്കും.

കേരള നിയമസഭാ മന്ദിരത്തില്‍ കഴിഞ്ഞ തവണ വിജയകരമായി നടത്തിയ പുസ്തകോത്സവം ഇത്തവണ കേരളീയത്തിന്‍റെ ഭാഗമായാകും സംഘടിപ്പിക്കുന്നത്. നിയമസഭാ മന്ദിരം തന്നെയാണ് വേദി. കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികള്‍ കേരളീയത്തിന്‍റെ ഭാഗമാകണം എന്നാണ് ആഗ്രഹിക്കുന്നത്. ഒപ്പം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തിച്ചേരുന്ന ബൃഹത്തായ സംഗമമായി ഇതിനെ മാറ്റണം എന്നാണ് കാണുന്നത്. നമ്മുടെ ടൂറിസത്തിനും ഇത് വലിയ തോതില്‍ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Keraleeyam; International standard seminars are the main program.