ജോലി സ്ഥിരപ്പെടുത്തൽ; വയനാട്‌ കോൺഗ്രസ് നേതാവ് 80 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആരോപണം

അർബൻ ബാങ്കിൽ നാല്‌ സ്വീപ്പർമാരെ സ്ഥിരപ്പെടുത്താൻ എൻ ഡി അപ്പച്ചനും സംഘവും കോഴ വാങ്ങിയെന്നാണ് പരാതി.

0
227

കൽപ്പറ്റ: ബാങ്ക് ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഡിസിസി പ്രസിഡന്റ് 80 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആരോപണം. ബത്തേരി അർബൻ ബാങ്കിൽ താൽക്കാലിക ജോലിയെടുക്കുന്ന നാല്‌ സ്വീപ്പർമാരെ സ്ഥിരപ്പെടുത്താൻ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും 20 ലക്ഷം രൂപ വീതം കോഴ വാങ്ങിയെന്ന്‌ പുറത്താക്കപ്പെട്ട ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സാജൻ ആരോപിച്ചു. അർബൻ ബാങ്ക്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോൺഗ്രസിൽ ഗ്രൂപ്പുപോരും അച്ചടക്ക നടപടികളും തുടരുന്നതിനിടെയാണ് മുൻ ബ്ലോക്ക് നേതാവ് ജില്ലാ കോൺഗ്രസ് പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇതിനുമുമ്പും യുഡിഎഫ്‌ ബാങ്ക്‌ ഭരണസമിതിക്കെതിരെ നിയമന കോഴ ആരോപണം ഉയർന്നിരുന്നു. ഉദ്യോഗാർഥികളിൽനിന്ന്‌ ലക്ഷങ്ങൾ കോഴവാങ്ങിയതായി കെപിസിസിയുടെ അന്വേഷകസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ ഇപ്പോൾ ഡിസിസി പ്രസിഡന്റിനെതിരെ ലക്ഷങ്ങളുടെ കോഴ ആരോപണം ഉയർന്നിരിക്കുന്നത്.

ബാങ്കിന്റെ ചെയർമാനും വൈസ്‌ ചെയർമാനുമായി തന്റെ വിശ്വസ്‌തരായ നേതാക്കളെ അവരോധിക്കാനാണ്‌ അപ്പച്ചനും കൂട്ടാളികളും ശ്രമിച്ചത്‌. ഇതിനെതിരെയാണ്‌ താൻ ഉൾപ്പെടെയുള്ള നേതാക്കളും ഭൂരിഭാഗം ഡയറക്‌ടർമാരും നിലകൊണ്ടതെന്നുമാണ്‌ സാജന്റെ വിശദീകരണം. നാല്‌ മാസം മുമ്പ്‌ കെപിസിസി നടത്തിയ പുനഃസംഘടനയിലൂടെയാണ്‌ സാജൻ ബ്ലോക്ക്‌ പ്രസിഡന്റായത്‌. പിന്നാലെ സസ്‌പെൻഡ്‌ ചെയ്‌തു.
അപ്പച്ചന്റെ ആവശ്യപ്രകാരം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ തീരുമാനിച്ച സ്ഥാനാർഥി ശ്രീജി ജോസഫ്‌ ബാങ്ക്‌ വൈസ്‌ ചെയർമാൻ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിലാണ്‌ സാജനെ പ്രസിഡന്റ്‌ സ്ഥാനത്ത്‌നിന്ന്‌ നീക്കിയത്‌. ആറുവർഷമാണ്‌ സസ്‌പെൻഷൻ. പാർടി വിപ്പ്‌ ലംഘിച്ച്‌ വിമതനായി മത്സരിച്ച്‌ വൈസ്‌ ചെയർമാനായ വി ജെ തോമസിനെയും പേര്‌ നിർദേശിച്ച ബേബി വർഗീസിനെയും പിന്താങ്ങിയ സി റഷീദിനെയും സസ്‌പെൻഡ്‌ ചെയയ്‌തതിന്‌ പിന്നാലെയായിരുന്നു സാജനെതിരെയുള്ള നടപടി.

സസ്‌പെൻഷനിലായവർ മുഴുവൻപേരും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ പിന്തുണക്കുന്നവരാണ്‌. നേതാക്കളും ഡയറക്ടർമാരും കെപിസിസിയെയും ഡിസിസിയെയും ധിക്കരിച്ച്‌ വിമതപ്രവർത്തനം നടത്തിയതിന് പിന്നിൽ പ്രവർത്തിച്ചത്‌ ഐ സി ബാലകൃഷ്‌ണനാണെന്നാണ്‌ അപ്പച്ചനെ അനുകൂലിക്കുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ഡയറക്‌ട‌‌ർമാരുടെയും ആരോപണം. ഐ സി ബാലകൃഷ്‌ണന്റെ പേരിലും അച്ചടക്ക നടപടി ആവശ്യപ്പെട്ട്‌ കെപിസിസിക്ക്‌ ഒരു വിഭാഗം പരാതി അയച്ചിട്ടുണ്ട്‌