സഞ്ജുവിനെ തഴഞ്ഞത് ബോധപൂർവം; കടുത്ത നിരാശയെന്ന് ഇർഫാൻ പത്താൻ, ഹൃദയശൂന്യതയാണെന്ന് റോബിന്‍ ഉത്തപ്പ

അഗാർക്കർ, രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ് എന്നിവരടങ്ങിയ കോംബോയാണ് സഞ്ജുവിനെ തഴയുന്നതെന്നും ആരോപണം.

0
303

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും തഴഞ്ഞത് ബോധപൂർവമെന്ന് സൂചന. ആദ്യം ഏഷ്യാ കപ്പില്‍ നിന്നും പിന്നീട് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതിന്റെ കാരണം ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മികച്ച ഫോമിൽ തുടരുന്ന സഞ്ജുവിനെ അകാരണമായി ഒഴിവാക്കിയതിൽ മുൻനിര താരങ്ങളെയും രാജ്യമൊട്ടുക്കുള്ള ക്രിക്കറ്റ് ആരാധകരെയും ആശ്ചര്യപ്പെടുത്തി. ബിസിസി എത്രമാത്രം വൃത്തികെട്ടിരിക്കുന്നുവെന്ന് എന്ന് ഈ തീരുമാനം തെളിയിച്ചു എന്നാണ് ക്രിക്കറ്റ് ആരാധകർ കുറിച്ചത്.

ബിസിസിഐയുടെ മേലാളന്മാർ തങ്ങളുടെ സ്വന്തക്കാരെ ടീമിൽ കുത്തിനിറക്കുകയാണെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നീ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടില്ലെങ്കിൽ എത്ര പ്രതിഭയുണ്ടെങ്കിലും അവരെ പ്രാഥമിക പട്ടികയിലേക്ക് പോലും പരിഗണിക്കാത്ത സ്ഥിതി. വൻകിട ഫ്രാഞ്ചൈസികളുടെ ടീമുകളെ ഐപിഎൽ മത്സരങ്ങളിൽ പരാജയപ്പെടുത്തിയാൽ ആ ടീമിലെ താരങ്ങളോട് പ്രതികാര മനോഭാവം തുടരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് സഞ്ജു സാംസണിനെ ടീമിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം.

മികച്ച ഫോമിൽ തുടരുന്ന സഞ്ജുവിനെ കാരണമില്ലാതെ ഒഴിവാക്കിയപ്പോൾ ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി ടീമില്‍ ഉള്‍പ്പെട്ടു. പരിക്ക് വിട്ടുമാറാത്ത ശ്രേയസ് അയ്യരും ടീമിലുണ്ട്. മറ്റൊരു അത്ഭുതം ഋതുരാജ് ഗെയ്കവാദും തിലക് വര്‍മയും ടീമിലിടം പിടിച്ചുവെന്നുള്ളതാണ്. രാജ്യത്തെ പല മുൻനിര താരങ്ങളെയും ആശ്ചര്യപ്പെടുത്തുന്നതും ഇതുതന്നെയാണ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു തിരിച്ചെത്തുമെന്ന് നേരത്തെ വാര്‍ത്തുകളുണ്ടായിരുന്നു. അതുകൊണ്ടാണ് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സഞ്ജുവിനെ മാറ്റിനിർത്തിയതിന് കാരണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാംനിര താരങ്ങളെല്ലാം ടീമില്‍ ഇടം പിടിച്ചപ്പോള്‍ സഞ്ജു പുറത്തുതന്നെ. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോഴും സഞ്ജുവിനെ ക്ഷണിച്ചില്ല. രാജ്യത്തെ ആദ്യ 30-35 ക്രിക്കറ്റ് താരങ്ങളില്‍ പോലും സഞ്ജുവില്ല. ഇതിനുമാത്രം എന്ത് തെറ്റാണ് സഞ്ജു ചെയ്തതെന്നാണ് ആരാധകരുടെ ചോദ്യം.

സഞ്ജുവിനെ ഒരിക്കല്‍ കൂടി ടീമിലേക്ക് പരിഗണിച്ചില്ലെന്നുള്ളത് ആരാധകരില്‍ കടുത്ത നിരാശയുണ്ടാക്കി. സഞ്ജുവിനെ ഒഴിവാക്കിയതിലുള്ള രോഷവും നിരാശയും പ്രകടമാക്കി ആരാധകർ ബിസിസിഐക്ക് പൊങ്കാലയിടുകയാണ്. അജിത്ത് അഗാർക്കർ, രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ് എന്നിവരടങ്ങിയ മോശം കോംബോയാണ് സഞ്ജുവിനെ ടീമിലെടുക്കാതിരിക്കാൻ കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇതേ സംഘമാണ് പ്രതിഭയുള്ള താരങ്ങളുടെ വളർച്ചക്ക് വിഘാതമെന്നും ശക്തമായി പ്രതികരിക്കുന്നു ആരാധകർ. ബിസിസിഐ ഇത്രക്ക് അധഃപതിച്ചല്ലോ എന്നാണ് മറ്റൊരു പ്രതികരണം. പ്രതിഭയുണ്ടായിട്ടും എന്നും പുറത്തിരിക്കേണ്ടിവരുന്ന ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ എന്നാണ് മറ്റൊരാൾ കുറിച്ചത്. ശിഖിർ ധവാനെപ്പോലെ പാതിവഴിയിൽ സഞ്ജുവിനെ കൊണ്ട് കളി നിർത്തിക്കുന്നവർ എന്ന് രോഷം കൊണ്ടവരും കുറവല്ല.

അപ്രതീക്ഷിതവും കടുത്ത നിരാശയും എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇര്ഫാന് പത്താൻ പ്രതികരിച്ചത്. ”സഞ്ജുവിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഞാനായിരുന്നെങ്കില്‍ വളരെയധികം നിരാശ തോന്നിയേനെ..” പത്താന്‍ എക്‌സിൽ കുറിച്ചതിങ്ങനെ. സഞ്ജുവിനോടുള്ള അവഗണനയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും രംഗത്തുവന്നു. ഇപ്പോള്‍ ആരും സഞ്ജുവിന്റെ സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ലെന്നാണ് ഉത്തപ്പ എക്‌സില്‍ കുറിച്ചത്. ‘ടീമിലുണ്ടെങ്കിലും ഒരുപക്ഷേ അദ്ദേഹത്തിന് ഒരു മത്സരം പോലും ലഭിക്കില്ല എന്നതാകാം ന്യായീകരണം. എന്നാല്‍ ടീമില്‍ ഇടം പോലുമില്ല എന്നത് നിരാശാജനകമാണ്’, ഉത്തപ്പ കുറിച്ചു.

ഇന്ത്യൻ ക്രിക്കറ്റിന്റെ നല്ല ഭാവിയെപ്പറ്റി ചിന്തിക്കുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനം എന്നാണ് വലിയ വിഭാഗം ആളുകളും പറയുന്നത്. എന്തിനാണീ നീതികേട്‌ എന്ന് തുറന്നു ചോദിച്ചവരുമുണ്ട്. പ്രതീക്ഷിച്ചാണ്, കാരണം സഞ്ജുവിന് ബിസിസിഐയിൽ ഗോഡ്ഫാദർ ഇല്ലല്ലോ എന്നാണ് മറ്റൊരു കമന്റ്.

അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ബാക്ക് അപ്പ് താരമായി സഞ്ജു ഉണ്ടായിരുന്നു. എന്നാല്‍ കളിക്കാനുള്ള അവസരം ലഭിച്ചതുമില്ല. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ സഞ്ജുവിനെ തിരിച്ചയച്ചു. ഇപ്പോള്‍ സഞ്ജു ഒരു ടീമിലുമില്ല. ഇന്ത്യന്‍ ടീം, കൗണ്ടി, ഏഷ്യന്‍ ഗെയിംസ് ടീം എല്ലാത്തില്‍ നിന്നും സഞ്ജു പുറത്താണ്.

എം എസ് ധോണിയുടേതിന് സമാനമായ ഗുണങ്ങളാണ് സഞ്ജുവിനുള്ളതെന്ന് രവി ശാസ്‍ത്രി പറഞ്ഞിരുന്നു. വളരെ കൂൾ ആയി, അതേസമയം സഹതാരങ്ങളുമായി നന്നായി ആശയവിനിമയം നടത്തുന്ന ക്രിക്കറ്റർ. ഇത്തരം കളിക്കാരാണ് ക്രിക്കറ്റിൽ വേണ്ടത്. കൂടുതൽ മത്സരങ്ങൾ സഞ്ജുവിന് ലഭിക്കേണ്ടതുണ്ട് എന്നാണ് തന്റെ അഭിപ്രായമെന്നും രവിശാസ്ത്രി തുറന്നുപറഞ്ഞിരുന്നു.

ടീമിൽ നിന്നും ഒഴിവാക്കായതിനെതിരെ സഞ്ജു പ്രതികരിച്ചിട്ടൊന്നുമില്ല. അതേസമയം, ഫേസ്ബുക്കിൽ പുഞ്ചിരിക്കുന്ന ഇമോജി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ പിന്തുണയുമായി വരുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുവരെ സഞ്ജുവിന് പിന്തുണയുമായി ആരാധകര്‍ കമന്റുകൾ ഇട്ടിട്ടുണ്ട്.

English Summary: What has Sanju Samson done wrong? Asks Cricket Fans.