‘മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഇന്നുവരെ ഭയന്നിട്ടില്ല; തന്നെ മെല്ലെ അങ്ങ് ഇടിച്ചുതാഴ്ത്താൻ പറ്റുമോയെന്നാണ് നോട്ടം, അതിൽ തകർന്നുപോകില്ല’- പിണറായി

സോളാര്‍ ഗൂഢാലോചന ഞങ്ങളുടെ പെടലിക്ക് ഇടേണ്ടെന്നും പിണറായി.

0
167

തിരുവനന്തപുരം: വാർത്താസമ്മേളനങ്ങൾ നടത്തുന്നില്ലെന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാൻ ഭയപ്പെട്ടിട്ടുണ്ടോയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോ ?. എല്ലാ ദിവസവും മുമ്പും മാധ്യമങ്ങളെ കണ്ടിരുന്നില്ല. എല്ലാദിവസവും നിങ്ങളെ കാണാറില്ലായിരുന്നല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ അപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വരും. അതിനിയും കാണും. എന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങളെല്ലാം ഉണ്ടായി. അതും മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതിന് കാരണമാണ്. നിങ്ങൾ മാധ്യമങ്ങൾക്ക് നിങ്ങളെ കാണുന്നത് മാത്രമാണ് പ്രശ്നം. എനിക്ക് മാധ്യമങ്ങളെ കാണുന്നതിന് പ്രശ്നമില്ല. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാൻ ഭയപ്പെട്ടിട്ടുണ്ടോ?’- മുഖ്യമന്ത്രി ചോദിച്ചു.

തന്നെ ഇടിച്ച് താഴ്ത്താൻ കുടുംബാംഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നുവെന്ന് പിണറായി ചൂണ്ടിക്കാട്ടി. അതിൽ മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. “പിണറായി വിജയനെ മെല്ലെ അങ്ങ് ഇടിച്ചുതാഴ്ത്താൻ പറ്റുമോ, അത് നിങ്ങൾ കുറേക്കാലമായി നോക്കിക്കൊണ്ടിരിക്കുകയാണല്ലോ. നോക്ക്, അതിന് കുടുംബാംഗങ്ങളെ കൂടി ഉപയോഗപ്പെടുത്താൻ പറ്റുമോ എന്നും അതും നോക്ക്. അതിന്റെ ഭാഗമായി തകർന്നുപോകുന്ന ആളല്ല ഞാൻ എന്ന് നിങ്ങൾക്ക് അറിയാലോ. നിങ്ങൾ ശ്രമിച്ചുനോക്ക്, നമുക്കത് തുടരാം. ഇനിയും തുടരാം”- പിണറായി പറഞ്ഞു.

സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണ് സോളാര്‍ കേസെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പറഞ്ഞതില്‍ നിന്ന് പുറകോട്ട് പോകുന്നത്? ആരെയാണ് ചര്‍ച്ചകള്‍ ബാധിക്കുക? മുഖ്യമന്ത്രി പിണറായി വിജയനെയാണോ മരിച്ച ഉമ്മന്‍ചാണ്ടിയെയാണോ? സോളാര്‍ ഗൂഢാലോചന ഇപ്പോള്‍ ചര്‍ച്ചയാക്കിയത് ആരെയാണ് ബാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി യുഡിഎഫ് ഉന്നയിച്ചാല്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും പറഞ്ഞു. സോളാര്‍ ഗൂഢാലോചന ഞങ്ങളുടെ പെടലിക്ക് ഇടേണ്ട. എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആ നിലയ്ക്ക് വിഷയം ഉയര്‍ത്തുകയാണ് ചെയ്തത്. അതാണുണ്ടായത്’, മുഖ്യമന്ത്രി പ്രതികരിച്ചു.

 

English Summary: Solar case is a conspiracy by Congress leaders.