“അതെങ്ങെനിയാ..? ഞാൻ കെപിസിസി പ്രസിഡന്റല്ലേ, സുധാകരൻ പറഞ്ഞിട്ട് മതി സതീശൻ”; തമ്മിൽത്തല്ലി സുധാകരനും സതീശനും

"എല്ലാം പ്രസിഡന്റ് പറഞ്ഞല്ലോ, ഇനിയും പ്രസിഡന്റ് തന്നെ പറയും'- സുധാകരനെ പരിഹസിച്ച് സതീശൻ.

0
1171

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ പൊരിഞ്ഞ അടി. വാർത്താസമ്മേളനം ആര് തുടങ്ങുമെന്ന കാര്യത്തിലാണ് മാധ്യമപ്രവർത്തകർക്കും കോൺഗ്രസ് നേതാക്കൾക്കും മുന്നിൽ ഇരുവരും ഏറ്റുമുട്ടിയത്. മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, ബിന്ദു കൃഷ്ണ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഏറ്റുമുട്ടൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഈഗോ മറനീക്കി പുറത്തുവന്നത്. ഇരുവരും തമ്മിൽ പരസ്യമായി കൊമ്പുകോർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സമൂഹമാധ്യമങ്ങളിൽ ഇവർ തമ്മിലുള്ള പോരിന്റെ വീഡിയോ വൈറലായി.

വാർത്താസമ്മേളനം നടത്താൻ ആദ്യമെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താചാനലുകളുടെ മൈക്കുകൾ താൻ ഇരിക്കുന്ന കസേരക്ക് മുന്നിലേക്ക് നീക്കിവെച്ചു,. ഈ സമയം കടന്നുവന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സതീശനോട് അങ്ങോട്ട് മാറിയിരിക്കയാണ് ആവശ്യപ്പടുന്നു. തുടർന്നാണ് ഇരുവരും മൈക്കിനുവേണ്ടി കടിപിടി കൂടിയത്. സീറ്റ് മാറുന്നതിനിടെ സതീശൻ മൈക്കുകൾ സ്വന്തം ഇരിപ്പിടത്തിനടുത്തേക്ക് മാറ്റാൻ ശ്രമിച്ചു.

ഇതിനിടെ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മൈക്ക്, മൈക്ക് എന്ന് പറഞ്ഞ് വാർത്താചാനലുകളുടെ മൈക്കുകൾ സുധാകരന്റെ അടുത്തേക്ക് മാറ്റാൻ നിർദ്ദേശിച്ചു. ഈ സമയം വാർത്താസമ്മേളനം താൻ തുടങ്ങാമെന്ന് സുധാകരൻ പറഞ്ഞതോടെ അത് വേണ്ടെന്നും താൻ തുടങ്ങിക്കോളാൻ എന്നായി സതീശൻ. ‘അതെങ്ങെനിയാ..? ഞാൻ കെപിസിസി പ്രസിഡന്റല്ലേ, ഞാൻ തുടങ്ങിവെച്ചോളാം, നിങ്ങൾ പിന്നെ പറഞ്ഞാൽ മതി’ എന്ന് സുധാകരൻ ആവർത്തിച്ചതോടെ വേണ്ട വേണ്ട ഞാൻ തുടങ്ങാമെന്ന് സതീശൻ പറഞ്ഞു. ഇതോടെയാണ് സുധാകരൻ പരുഷമായി സംസാരിച്ചത്. ഞാൻ തുടങ്ങിയിട്ട് നിങ്ങൾ പറഞ്ഞാൽ മതിയെന്ന് സുധാകരൻ ഉച്ചത്തിൽ പറഞ്ഞതോടെ എന്ന നിങ്ങൾ പറഞ്ഞോ എന്ന് പറഞ്ഞ് വി ഡി സതീശൻ മൈക്കുകളെല്ലാം സുധാകരന്റെ മുന്നിലേക്ക് തള്ളിമാറ്റി.

രംഗം വഷളാകുമെന്ന് കണ്ടതോടെ ഇളിഭ്യച്ചിരിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടു. മാധ്യമപ്രവർത്തകർ മിണ്ടാതിരിക്കുകയാണെങ്കിൽ, ശാന്തരായാൽ നമുക്ക് ഗംഭീരമാകും എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. വാർത്താസമ്മേളനം നടക്കുമ്പോൾ വി ഡി സതീശൻ ആകെ മ്ലാനവദനനായിരുന്നു. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ തുടങ്ങിയപ്പോൾ എല്ലാം പ്രസിഡന്റ് പറഞ്ഞില്ലേ, പ്രസിഡന്റ് പറഞ്ഞല്ലോ, പ്രസിഡന്റ് പറഞ്ഞതിന് അപ്പുറമില്ല എന്നിങ്ങനെ ആവർത്തിക്കുകയായിരുന്നു സതീശൻ. പ്രതിപക്ഷ നേതാവിനോടാണ് ചോദ്യം എന്ന് ചില മാധ്യമപ്രവർത്തകർ എടുത്തുപറഞ്ഞപ്പോൾ എല്ലാം കെപിസിസി പ്രസിഡന്റ് പറഞ്ഞു, ഇനി പറയും എന്ന് പരിഹാസരൂപേണ മറുപടി നൽകി.

സുധാകരനും സതീശനും തമ്മിലുള്ള പോരാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒരു വിഭാഗം കോൺഗ്രസുകാർ തന്നെയാണിത് പ്രചരിപ്പിക്കുന്നത്. ഒരു ഉപതെരഞ്ഞെടുപ്പിൽ ഇതാണ് സ്ഥിതിയെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിന്റെ കാര്യം ചിന്തിക്കുകപോലും വേണ്ടെന്ന് കോൺഗ്രസുകാർ തന്നെ പരസ്യമായി പറയുന്നു. മൈക്കിനുവേണ്ടി കടിപിടി കൂടുന്ന നേതാക്കളെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോൾ നിറയുകയാണ്. വി ഡി സതീശൻ എന്ന കോൺഗ്രസുകാരന്റെ പുച്ഛവും താൻപ്രമാണിത്തവും താപവുമൊക്കെ ഇതുവഴി പുറത്തുവന്നു. ഇത്രയും അസഹിഷ്‌ണുത ഉള്ള ഒരു നേതാവ്ത സതീശനല്ലാതെ മറ്റൊരാൾ കാണില്ല എന്നും തെളിഞ്ഞു. ഒരു വാർത്താസമ്മേളനത്തിൽ സ്വന്തം പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനോട് സതീശൻ കാട്ടുന്ന മനോഭാവമാണിത്.

കോൺഗ്രസിന്റെ രണ്ട് ഉത്തരവാദപ്പെട്ട നേതാക്കൾ മൈക്കിനിവേണ്ടി തമ്മിൽ തല്ലിയിട്ടും അത് വാർത്തയാക്കാതെ ഒളിച്ചുവെക്കുകയായിരുന്നു കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ. മിക്കവാറും മാധ്യമങ്ങളുടെ മുന്നിലായിരുന്നു ഈ കടിപിടി. കോൺഗ്രസിനുവേണ്ടി വിടുപണി ചെയ്യുന്നവരായി മാധ്യമങ്ങൾ അധഃപതിച്ചുവെന്ന് ഈ ദൃശ്യങ്ങൾ തെളിയിക്കുന്നു. എതിർവാ പോയിട്ട് തിരുവാ പോലുമുണ്ടായില്ല. ചിത്രം വിചിത്രവും ഉണ്ടായില്ല. വക്രിദൃഷ്ടിക്കാരന് കണ്ണിനസുഖം ബാധിച്ചതുകൊണ്ട് കൊടുക്കാൻ പറ്റിയില്ല. നല്ല പശ കൊണ്ട് വായ് മൂടിപ്പോയതിനാൽ ഒരു ഗമ്മും അന്നിറങ്ങിയില്ല. അല്ലേലും കോൺഗ്രസുകാർ തമ്മിൽ തല്ലുമ്പോഴും സൈബർ ആക്രമണം നടത്തുമ്പോഴും മാധ്യമങ്ങൾക്കൊന്നും ഒരു ഗുമ്മും ഉണ്ടാകില്ലതാനും.

English Summary: V D Satheeshan mocking K Sudhakaran.