പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാന്‍ സംഘടന

0
173

പഞ്ചാബിലെ മോഗ ജില്ലയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. അജിത്വാളിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായ ബല്‍ജീന്ദര്‍ സിംഗ് ബല്ലിയാണ് കൊല്ലപ്പെട്ടത്. ദാല ഗ്രാമത്തിലെ ബല്ലിയുടെ വസതിയില്‍ അതിക്രമിച്ച് കയറി അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വസതിക്ക് പുറത്ത് സ്ഥാപിച്ച സിസിടിവിയില്‍ സംഭവത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മണിക്കൂറുകള്‍ക്ക് ശേഷം കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരന്‍ അര്‍ഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദല്ല അവകാശവാദമുന്നയിച്ചത്. ബല്‍ജീന്ദര്‍ സിംഗ് ബല്ലി തന്റെ ഭാവി നശിപ്പിച്ചെന്നും ഗുണ്ടാ സംസ്‌കാരത്തിലേക്ക് തന്നെ നിര്‍ബന്ധിതനാക്കിയെന്നും ദല്ല ആരോപിച്ചു. അമ്മയുടെ പോലീസ് കസ്റ്റഡിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്നും ഇതാണ് പ്രതികാരം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദല്ല വ്യക്തമാക്കി. എന്‍ഐഎ തിരയുന്ന തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് അര്‍ഷ് ദല്ല. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി കാനഡയില്‍ നിന്നാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചാബില്‍ നടന്ന നിരവധി തീവ്രവാദ കൊലപാതകങ്ങളില്‍ പങ്കാളിയാണ് ഇയാള്‍.

സംഭവ ദിവസം വീട്ടില്‍ മുടിവെട്ടിക്കൊണ്ടിരുന്ന ബല്‍ജീന്ദര്‍ സിംഗ് ബല്ലിക്ക് ഒരു അജ്ഞാതനില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. ചില രേഖകളില്‍ ഒപ്പിടാന്‍ അഭ്യര്‍ത്ഥിച്ചയാളെ കാണാന്‍ ബല്ലി വീട്ടില്‍ നിന്ന് ഇറങ്ങി. എന്നാല്‍ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ ബല്ലിക്ക് നേരെ വെടിയുതിര്‍ത്തു. ബല്ലിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സിസിടിവിയില്‍ അക്രമികള്‍ ഓടി രക്ഷപ്പെടുന്നതും സിംഗിന് ഗുരുതരമായി പരിക്കേറ്റതും കാണാം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു