‘വന്നിട്ടുണ്ട്, വന്നിട്ടുണ്ട്… ചെറുകുടൽ സൈബറാക്രമണം’; ഒന്നര കിലോമീറ്റർ പിന്നിട്ടു

ചാണ്ടി ഉമ്മൻ പറഞ്ഞതനുസരിച്ചാണെങ്കിൽ 'പാളയം മുതൽ സെക്രട്ടറിയറ്റ് വരെ' നീളമുള്ളതാകണം സാധാരണ മനുഷ്യന്റെ ചെറുകുടൽ.

0
874

തിരുവനന്തപുരം: സൈബറാക്രമണം എന്തേ വരാത്തതെന്ന് ആലോചിച്ചിരിക്കുകയായിരുന്നു. ശുദ്ധ മണ്ടത്തരമായതുകൊണ്ട് മാധ്യമങ്ങൾ സ്വമേധയാ  എന്ന് പറഞ്ഞ് വിഷയം ഏറ്റെടുത്തില്ല. ഏറ്റെടുത്താൽ തങ്ങളും നാറുമെന്ന് മാധ്യമ പടുക്കൾക്കറിയാം. സാധാരണഗതിയിൽ വസ്തുതകൾ കാട്ടിയതുകൊണ്ടുതന്നെ മനോരമയും റിപ്പോർട്ടറും മാതൃഭൂമിയും മീഡിയ വണ്ണുമൊക്കെ സൈബറാക്രമണം എന്ന പേരിൽ ഇത് ഏറ്റുപിടിക്കേണ്ടതാണ്. എന്തുകൊണ്ടോ ‘ചെറുകുടലിനെതിരെ സൈബറാക്രമണം’ എന്ന് നിരത്താൻ മനോരമ പോലുമുണ്ടായില്ല.

കോൺഗ്രസുകാരുടെ പൊട്ടത്തരം വസ്തുതയും തെളിവും നിരത്തി പൊളിച്ചാൽ മാധ്യമങ്ങൾക്കാണ് ദണ്ണം മുഴുവൻ. ത്രിവർണ കാഴ്ചപ്പാടോടെ മാത്രമേ മാധ്യമങ്ങൾ സൈബറാക്രമണം കാണുകയുള്ളു. അച്ചു ഉമ്മൻ, മരിയ ഉമ്മൻ എന്നിവരൊക്കെ ആ ഗണത്തിൽപ്പെടും. അപദാനങ്ങൾ വാഴ്ത്തുന്നതിനൊപ്പം അതിന്റെ ‘ഇൻഡെപ്ത്’, ‘എക്സ്പ്ലെയിനർ’ ഒക്കെ വരും. ഇടതുപക്ഷത്തെ ആരെയെങ്കിലുമാണ് അധിക്ഷേപിക്കുന്നതെങ്കിൽ അത് കോൺഗ്രസുകാരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന് കരുതി മിണ്ടാതിരിക്കും, അതിനി മാധ്യമപ്രവർത്തക ആണെങ്കിൽ പോലും മാധ്യമങ്ങളും ഉത്തമന്മാരും ഒന്നും ഉരിയാടില്ല.

ചാനലുകളൊന്നും സൈബറാക്രമണം എന്ന് പറയാത്തതുകൊണ്ടാണെന്ന് തോന്നുന്നു, ചെറുകുടലിന്റെ നീളം കണ്ടുപിടിച്ച പുതുപ്പള്ളിയുടെ എംഎൽഎ ഒടുക്കം അത് വെളിപ്പെടുത്തി, തനിക്കെതിരെ സൈബറാക്രമണം എന്ന ആ സത്യം. കോട്ടയത്ത് യുഡിഎഫ് ജില്ലാകമ്മിറ്റി നൽകിയ സ്വീകരണചടങ്ങിലായിരുന്നു വെളിപ്പെടുത്തൽ. രണ്ടു മാസം മുമ്പത്തെ ചടങ്ങിൽ താൻ നടത്തിയ പ്രസംഗത്തിലുണ്ടായ നാവുപിഴ പുതിയത് എന്ന മട്ടിൽ എഡിറ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നു എന്നാണ് ചാണ്ടി പറഞ്ഞത്. സിപിഎം അനുകൂല മാധ്യമങ്ങൾ ആണ് ഇതിന് പിന്നിലെന്നും ചാണ്ടി കണ്ടെത്തിയിട്ടുണ്ട്. സൈബർ ആക്രമണങ്ങൾ ഇപ്പോഴും തനിക്കെതിരെ തുടരുകയാണെന്നും ചാണ്ടി ഉമ്മൻ പറയുന്നു. സ്വമേധയാ വാർത്ത കൊടുക്കാൻ പറ്റാത്തതിന്റെ നൊമ്പരം ‘ചെറുകുടൽ പരാമർശത്തിൽ സൈബർ ആക്രമണം; പ്രതികരണവുമായി ചാണ്ടി ഉമ്മൻ’ എന്ന തലക്കെട്ടിട്ട് ഏഷ്യാനെറ്റ് ആശ്വാസം കൊണ്ടിട്ടുണ്ട്.

ചാണ്ടി ഉമ്മൻ പറഞ്ഞതനുസരിച്ചാണെങ്കിൽ പാളയം മുതൽ സെക്രട്ടറിയറ്റ് വരെ നീളമുള്ളതാകണം സാധാരണ മനുഷ്യന്റെ ചെറുകുടൽ. അതുമല്ലെങ്കിൽ തമ്പാനൂരിൽ നിന്ന് കിഴക്കേക്കോട്ട വരെയുള്ള ദൂരം. മാത്രമല്ല, ഇത്രയും ‘വലിയ’ ചെറുകുടൽ ഭക്ഷണം കഴിക്കാത്തതുകൊണ്ട് ചുരുങ്ങിപ്പോയി; അതും അഞ്ചിലൊന്നായി. എന്നാൽ, ഏത് ഗ്യാസ്‌ട്രോ എൻഡോളജിസ്റ്റ് ആണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞിട്ടുമില്ല. ഏത് ഡോക്ടർ, എപ്പോൾ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത് എന്നും പറയേണ്ടേ. അതൊന്നുമില്ലാതെ സൈബറാക്രമണം എന്നി നിലവിളിച്ചിട്ട് എന്താണ് കാര്യം.

സമകാലിക വിഷയങ്ങളിൽ ‘രോഷം കൊള്ളുന്ന’ ചില ട്രോളന്മാരും ചാണ്ടി ഉമ്മന്റെ വങ്കത്തം കണ്ടിട്ടില്ല. എൽഡിഎഫ് മന്ത്രിമാർക്കെതിരെ ഏതോ കാലത്തെ പ്രസംഗം കുത്തിപ്പൊക്കി ‘മാസ്മരിക ട്രോൾ’ ഉണ്ടാക്കുന്ന ‘പ്രതിഭകൾ’ ചാണ്ടിയുടെ കാര്യത്തിൽ മിണ്ടുന്നേയില്ല.

ശുദ്ധ മണ്ടത്തരമാണ് ചാണ്ടി ഉമ്മൻ വിളിച്ചുപറഞ്ഞതെന്ന് മാലോകർക്കെല്ലാം മനസ്സിലായിട്ടുണ്ട്. ചെറുകുടലിന് ഒന്നര കിലോമീറ്റർ നീളമുണ്ടെന്നും ഭക്ഷണം കഴിക്കാത്തതുകൊണ്ട് ‘അപ്പയുടെ’ ചെറുകുടൽ ചുരുങ്ങി 300 മീറ്റർ ആയെന്നും വരെയായിരുന്നു പറഞ്ഞത്. ‘നമ്മുടെയെല്ലാം ചെറുകുടലാണെന്ന് തോന്നുന്നു ഒന്നര കിലോമീറ്ററോളമുണ്ട്. അദ്ദേഹത്തിന് വെറും 300 മീറ്ററേയുണ്ടായിരുന്നോള്ളൂ. കാരണം ഭക്ഷണം കഴിക്കാതെ അത് ചുരുങ്ങിപോയിരുന്നു’ എന്നായിരുന്നു ആ ശാസ്ത്രസത്യം. ഒന്നര കിലോമീറ്റർ ഇനി നാക്കുപിഴ തന്നെയെന്നിരിക്കട്ടെ. അത് ചുരുങ്ങി 300 മീറ്റർ എന്ന ‘കൃത്യം കണക്ക്’ എങ്ങനെ വന്നു. ഒന്നര കിലോമീറ്റർ ചുരുങ്ങി ഒരു അമ്പതിലെങ്കിലും എത്തിച്ചിരുന്നുവെങ്കിൽ വട്ടക്കൊട്ട കണക്കെന്ന രീതിയിൽ നാക്കുപിഴയാണെന്ന് സമ്മതിക്കാമായിരുന്നു. എന്നാൽ, ചുരുങ്ങിയപ്പോ തന്നെ ചെറുകുടൽ 300 മീറ്റർ ഉണ്ടെങ്കിൽ അതും അത്ഭുതങ്ങളിൽ ഒന്നുതന്നെയല്ലേ.

ചാണ്ടി ഉമ്മൻ ചെറുകുടൽ വലിച്ചുനീട്ടിയത് ചില വെളുപ്പിക്കലിനുവേണ്ടിയാണ് എന്ന് കേരളത്തിന് മനസിലായി. അതുകൊണ്ടാണ് താങ്കൾ നടത്തിയ പ്രസംഗം വെറും വങ്കത്തമാണെന്ന് ജനങ്ങൾ തുറന്നുപറയുന്നത്. അതിൽ എന്ത് എഡിറ്റ് ആണാവോ ചെയ്തത് എന്നാണ് എത്ര ആലോചിച്ചിട്ടും മനസിലാകാത്തത്. തെറ്റ് പറ്റിയെങ്കിൽ അത് തുറന്നുപറയുക.

ചെറുകുടലിനെപ്പറ്റി പറയുമ്പോൾ വസ്തുതാപരമായ പിശക് സംഭവിച്ചുവെന്ന് പറഞ്ഞാൽ പോരെ. അതിൽ എന്താണ് തെറ്റ്? അതിനുപകരം ആ മണ്ടത്തരം ശരിയാണ് എന്ന് സമ്മതിച്ചുതരണമെന്നു പറഞ്ഞാൽ അത് നടക്കില്ലല്ലോ. ഇനിയിപ്പോ താങ്കൾ പറഞ്ഞതുപോലെ രണ്ടു മാസം മുമ്പത്തെ പ്രസംഗമാണെങ്കിലും മണ്ടത്തരം മണ്ടത്തരം തന്നെയാണല്ലോ. ഇത്തരം മണ്ടത്തരങ്ങളും വ്യാജ വാർത്തകളും തുറന്നുകാട്ടുക എന്നതുതന്നെയാണ് സമൂഹ മാധ്യമങ്ങളുടെ കടമ. അല്ലാതെ മണ്ടത്തരത്തിന് ഹല്ലേലൂയാ പാടുകയല്ല.