ഏഷ്യൻ ​ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും; പ്രതീക്ഷയോടെ ഇന്ത്യ

ഇന്ത്യയടക്കം 45 രാജ്യങ്ങളിലെ 12,500 കായികതാരങ്ങൾ ഇക്കുറി ഏഷ്യൻ ഗെയിംസിൽ മാറ്റുരക്കും.

0
232

ബീജിങ്: ഏഷ്യയിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഏഷ്യൻ ഗെയിംസിന്‌ ചൈനയിലെ ഹാങ്ചൗ നഗരം ഒരുങ്ങി. 23 മുതൽ ഒക്‌ടോബർ എട്ടുവരെയാണ്‌ ഗെയിംസ്‌. 2022ൽ നടക്കേണ്ട ഗെയിംസ്‌ കൊവിഡിനെതുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്. 19-ാം പതിപ്പിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബീച്ച് വോളിബോൾ മത്സരങ്ങളാണ് ചൊവ്വാഴ്ച ആരംഭിക്കുക. 23നാണ് ഔദ്യോ​ഗിക ഉ​ദ്ഘാടനം.

ഫുട്ബോളിലും വോളിബോളിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. വൈകീട്ട് അഞ്ച് മണിക്കാണ് ഇന്ത്യൻ ഫുട്ബോൾ ടീം മത്സരത്തിനിറങ്ങുക. ചൈനയ്ക്കെതിരെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമാണ് മത്സരിക്കാനിറങ്ങുന്നത്. സുനിൽ ഛേത്രി നായകനായ ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങൾ 23 വയസിൽ താഴെയുള്ളവരാണ്. വനിതാ ടീമിന്റെ മത്സരം സെപ്റ്റംബർ 21നാണ് നടക്കുക. വോളിബോളിൽ ഇന്ത്യയുടെ പുരുഷ ടീമിന്റെ മത്സരം വൈകീട്ട് 4.30നാണ് ന‌‌ടക്കുക. കംബോഡിയയാണ് ഇന്ത്യൻ ടീമിന്റെ എതിരാളികൾ. വനിതാ ടീമിന്റെ മത്സരം സെപ്റ്റംബർ 30ന് നടക്കുക. ക്രിക്കറ്റിൽ സെപ്റ്റംബർ 21ന് ഇന്ത്യയുടെ വനിതാ ടീം മത്സരിക്കാനിറങ്ങും. സെപ്റ്റംബർ 27നാണ് ഇന്ത്യൻ പുരുഷ ടീം ക്രിക്കറ്റ് മത്സരത്തിനിറങ്ങുന്നത്.

ഇന്ത്യയടക്കം 45 രാജ്യങ്ങളിലെ 12,500 കായികതാരങ്ങൾ ഇക്കുറി ഏഷ്യൻ ഗെയിംസിൽ മാറ്റുരക്കും. 40 കായിക ഇനങ്ങളിലെ 61 വിഭാഗങ്ങളിലാണ്‌ മത്സരം. 15 ദിവസത്തെ ഗെയിംസിൽ 481 സ്വർണജേതാക്കളെ നിശ്‌ചയിക്കും. ചൈനയും ജപ്പാനുമാണ്‌ പ്രധാന പോര്‌. ഇന്ത്യ മെഡൽവേട്ടയിൽ പിറകിലാണ്‌. 2018ൽ ജക്കാർത്തയിൽ നടന്ന ഗെയിംസിൽ 132 സ്വർണമടക്കം 289 മെഡലുമായാണ്‌ ചൈനീസ്‌ കുതിപ്പ്‌. ജപ്പാന്‌ 75 സ്വർണത്തോടെ 205 മെഡൽ. ദക്ഷിണകൊറിയക്ക്‌ 49 സ്വർണമുണ്ടായിരുന്നു. ഇന്ത്യ 16 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമായി എട്ടാംസ്ഥാനത്തായിരുന്നു.

ഇത്തവണ 634 അംഗസംഘമാണ്‌ ഇന്ത്യ ചൈനയിലെത്തുന്നത്‌. 38 ഇനങ്ങളിലാണ്‌ മത്സരിക്കുന്നത്‌. ഹാങ്ചൗവും സമീപത്തെ അഞ്ചു നഗരങ്ങളിലുമാണ്‌ മത്സരവേദികൾ. ആകെയുള്ള 44 വേദികളിൽ 30 എണ്ണം നിലവിലുള്ളതാണ്‌. 14 പുതിയ വേദികൾ നിർമിച്ചു. ഹാങ്ചൗ ഒളിമ്പിക്‌ സ്‌പോർട്‌സ്‌ എക്‌സ്‌പോ സെന്ററാണ്‌ മുഖ്യവേദി. ഏഷ്യൻ കായികസംഘത്തെ വരവേൽക്കാൻ ഹാങ്ചൗ നഗരം ഒരുങ്ങി. പരിസ്ഥിതിസൗഹൃദ ഗെയിംസാണ്‌ ലക്ഷ്യമിടുന്നത്‌. അത്‌ലറ്റിക്‌സ്‌ 29ന്‌ ആരംഭിക്കും.

English Summary: Asian Games; India with hope.