ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് വിജയത്തുടക്കം; വോളിയില്‍ കംബോഡിയയെ തകർത്തു

ഇക്കുറി മെഡൽ പ്രതീക്ഷയോടെയാണ് ഇന്ത്യൻ വോളി ടീം ചൈനയിലെത്തിയിട്ടുള്ളത്.

0
253

ഹാങ്ചൗ: 2023ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ചൈനയിലെ ഹാങ്ഷുവില്‍ ചൊവ്വാഴ്ച തുടങ്ങിയ ഗെയിംസിനങ്ങളില്‍ പുരുഷ വോളിബോള്‍ മത്സരത്തിലാണ് വിജയത്തോടെ ഇന്ത്യ തുടക്കം കുറിച്ചത്. ആദ്യ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് കംബോഡിയയെ പരാജയപ്പെടുത്തി. സ്‌കോർ: 25-14, 25-13, 25-19.
ആദ്യസെറ്റിൽ കംബോഡിയ വെല്ലുവിളി ഉയർത്തുമെന്ന് തോന്നിച്ചുവെങ്കിലും കുറച്ചുസമയം മാത്രമേ അത് നീണ്ടുനിന്നുള്ളു. തുടക്കത്തിൽ സ്‌കോർ നേടിയ കംബോഡിയയെ പത്തുമിനിറ്റിനകം ഇന്ത്യ പിടിച്ചുകെട്ടി. പിന്നീട് കംബോഡിയൻ കോർട്ടിൽ ഇന്ത്യയുടെ പെരുമുഴക്കമായിരുന്നു. ആദ്യ സെറ്റ് 25-14ന് ഇന്ത്യ കൈപ്പിടിയിലൊതുക്കി. രണ്ടാം സെറ്റിൽ ഇന്ത്യ 25-13 ന് എതിരാളികളെ നിഷ്പ്രഭരാക്കി. മൂന്നാം സെറ്റ് ആദ്യഘട്ടത്തിൽ ആവേശം നിറഞ്ഞുനിന്നു. ഒരുവേള കംബോഡിയ കുതിച്ചുകയറുമോയെന്ന ഘട്ടം വരെയെത്തി. എന്നാൽ, മികച്ച പ്രകടനത്തിലൂടെ 25-19 ന് മത്സരവും വിജയവും സ്വന്തമാക്കി.

ദക്ഷിണ കൊറിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇക്കുറി മെഡൽ പ്രതീക്ഷയോടെയാണ് ഇന്ത്യൻ വോളി ടീം ചൈനയിലെത്തിയിട്ടുള്ളത്. മലയാളിയും ഇന്ത്യൻ വോളിബോൾ മുൻ ക്യാപ്റ്റനുമായ ടോം ജോസഫ് ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായി ഒപ്പമുണ്ട്.

English Summary: Asian Games: Indian volleyball campaign on winning note.