മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം; ഐ ജി ലക്ഷ്മണയെ നിശിതമായി വിമർശിച്ച് ഹൈക്കോടതി

കോടതി നടപടികളെ പ്രഹസനമാക്കരുതെന്നും കനത്ത തുക പിഴ ചുമത്തേണ്ടിവരുമെന്നും മുന്നറിയിപ്പ്.

0
150

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ദുരാരോപണം ഉന്നയിച്ച പുരാവസ്തു തട്ടിപ്പ് കേസ് പ്രതി ഐ ജി ജി ലക്ഷ്മണയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ആവില്ലെന്ന് ഹൈക്കോടതി കടുത്ത ഭാഷയിൽ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെയടക്കം കുറ്റപ്പെടുത്തി നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ലക്ഷ്മണയെ വിമർശിച്ചത്. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.

അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും ഐ ജിയോട് കോടതി നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം കനത്ത തുക പിഴ ചുമത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കോടതി നടപടികളെ പ്രഹസനമാക്കരുതെന്നും അഭിഭാഷകനെ കുറ്റം പറയാന്‍ കക്ഷിയെ അനുവദിക്കില്ലന്നും കോടതി പറഞ്ഞു. അഭിഭാഷകനെ കുറ്റപ്പെടുത്തിയില്ലെന്ന് മറുപടി നല്‍കിയപ്പോള്‍ എങ്കില്‍ എന്തിനാണ് അഭിഭാഷകനെ മാറ്റിയതെന്നും ഹൈക്കോടതി ചോദിച്ചു. മോന്‍സണ്‍ മാവുങ്കലി പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതിനെതുടര്‍ന്നാണ് ഐജി ജി ലക്ഷ്മണ ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹൈകോടതി പല ആര്‍ബിട്രേറ്റര്‍മാര്‍ക്ക് പരിഹരിക്കാന്‍ നല്‍കുന്ന തര്‍ക്കങ്ങള്‍ പോലും പരിഹരിക്കുന്നത് ഈ അതോറിറ്റിയാണെന്നുമായിരുന്നു ലക്ഷ്മണയുടെ ദുരാരോപണം.
ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ തന്റെ അറിവോടെ ഉന്നയിച്ചതല്ലെന്ന് ഐജി ജി ലക്ഷ്മണ പറഞ്ഞിരുന്നു.

തന്റെ അഭിഭാഷകനായ നോബിൾ മാത്യുവാണ് ഇത് എഴുതി ചേര്‍ത്തതെന്നും ഐ ജി വ്യക്തമാക്കി. പിന്നാലെ അഡ്വ. നോബിള്‍ മാത്യു വഴി നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാന്‍ മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തുകയും ചെയ്തു.

English Summary: The High Court warned Lakshmana that he would be fined heavily.