രണ്ടുകൊല്ലം മുമ്പ് കൊച്ചിയിൽ കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു; സുഹൃത്തുക്കൾ അറസ്റ്റിൽ

ബിസിനസ് പങ്കാളികളായ കൂട്ടുകാരുമായുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം.

0
10674

കൊച്ചി: രണ്ട് വർഷം മുൻപ് കൊച്ചിയിൽ നിന്നും കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. 2021 നവംബറിൽ കൊച്ചിയില്‍ നിന്ന് 2021 കാണാതായ തേവര സ്വദേശി ജെഫ് ജോണ്‍ ലൂയിസാണ് ഗോവയില്‍ കൊല്ലപ്പെട്ടത്. കൊലപാതകം പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തിൽ ജെഫ് ജോണ്‍ ലൂയിസിന്റെ മൂന്നു സുഹൃത്തുക്കളെ കൊച്ചി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ അനില്‍ ചാക്കോ, സ്റ്റിഫിൻ, വയനാട് സ്വദേശി വിഷ്ണുവുമാണ് അറസ്റ്റിലായത്.

ജെഫ് ജോണും പ്രതികളും സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്നു. ഇവര്‍ക്കിടയിലുണ്ടായ സമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നും ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയെന്നും കൊച്ചി കമ്മീഷണർ എ അക്ബർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജെഫ് ജോൺ ഒന്നാം പ്രതിയായ അനിലിനെ ഒരു കേസിൽ കുരുക്കാൻ ശ്രമിക്കുന്നുവെന്ന സംശയത്തിലായിരുന്നു കൊലപാതകം.