അനന്തനാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു

ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍.

0
191

ജമ്മു കശ്മീരിലെ അനന്തനാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേർനാഗ് വനമേഖലയിൽ തെരച്ചിൽ നടത്തുന്നത്. മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു കേണൽ അടക്കം നാലു സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. വനമേഖലയിൽ ഭീകരരെ വളയാൻ സുരക്ഷ സേനക്ക് കഴിഞ്ഞിട്ടുണ്ടെന്നത് കൃത്യമായ വിവരമാണന്നും ഇവരെ ഉടൻ പിടികൂടുമെന്നും ജമ്മു കാശ്മീർ പോലീസ് അറിയിച്ചു.

ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. വനമേഖലയില്‍ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന സ്ഥലങ്ങളില്‍ ഇന്നലെ ഡ്രോണുകള്‍ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തി. ഇതിനിടെ കാണാതായ സൈനികൻ കൂടി  വീരമൃത്യു വരിച്ചതായി അധികൃതർ ഇന്നലെയാണ് സ്ഥിരീകരിച്ചത്.  ഒരു കേണലും മേജറും ജമ്മകശ്മീര്‍ പൊലീസിലെ ഡിഎസ്പിയുമാണ് ആദ്യം വീരമൃത്യു വരിച്ചത്. ജന്മനാട്ടില്‍ എത്തിച്ച   കേണല്‍ മൻപ്രീത് സിങിന്‍റെയും മേജർ ആഷിഷ് ദോൻചാകിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. പഞ്ചാബിലെ മുള്ളാൻപൂരില്‍ എത്തിച്ച കേണല്‍ മൻപ്രീത് സിങിന്‍റെ മൃതദേഹത്തില്‍ മക്കള്‍ സല്യൂട്ട് നല്‍കിയ കാഴ്ച വൈകാരികമായി.

ജമ്മുകശ്മീർ ഡിഎസ്പി ഹിമയുൻ മുസമില്‍ ഭട്ടിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു.  രൗജരിയിലും അനന്ത്നാഗിലും ഭീകരർക്കായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ  ഉറിയില്‍ ആയുധങ്ങളുമായി രണ്ട് ലഷ്കർ സംഘാഗങ്ങള്‍ പിടിയിലായി. ഇവരില്‍ നിന്ന് പിസ്റ്റളുകളും ഗ്രനേഡുകളും  പിടിച്ചെടുത്തു.