‘ജോപ്പന്റെ അറസ്റ്റ് ഉമ്മൻ‌ചാണ്ടി അറിയണമെന്നില്ല’; കെ സി ജോസഫിനെതിരെ തുറന്നടിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കെ സി ജോസഫ് കുഴിതോണ്ടി കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുമ്പോഴും താൻ മിതത്വം പാലിക്കുകയാണെന്നും തിരുവഞ്ചൂർ.

0
902

കോട്ടയം: സോളാർ കേസിനെചൊല്ലി കോൺഗ്രസിൽ മുതിർന്ന നേതാക്കളായ കെ സി ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ പരസ്യ ഏറ്റുമുട്ടൽ. കെ സി ജോസഫ് കുഴി തോണ്ടി പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുമ്പോളും താൻ മിതത്വം പാലിക്കുകയാണെന്ന് തിരുവഞ്ചൂർ പരസ്യമായി തുറന്നടിച്ചു.

ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് ജോപ്പൻ്റെ അറസ്റ്റ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ല. അറസ്‌റ്റിന്‌ ഉമ്മൻ ചാണ്ടിയോട് ചോദിക്കണമെന്ന് നിർബന്ധമില്ല. അത്തരമൊരു കീഴ്വഴക്കവുമില്ല. പത്തുകൊല്ലം മുമ്പ് നടന്ന കാര്യങ്ങൾ എന്തിനാണ് ഇപ്പോൾ കുഴി തോണ്ടി എടുക്കുന്നത്. കുഴപ്പുമുണ്ടാക്കാൻ വേണ്ടി മാത്രമാണീ ശ്രമം. താൻ പരമാവധി മിതത്വം പാലിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഉമ്മൻചാണ്ടി മരിച്ചതിനുശേഷം എന്തിനാണ് ദല്ലാൾ നന്ദകുമാർ ഇപ്പോൾ കമ്മീഷന് മുമ്പിൽ പറയാത്ത കാര്യങ്ങൾ പറയുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു.

സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പന്റെ അറസ്റ്റ് ഉമ്മൻ‌ചാണ്ടി അറിഞ്ഞിരുന്നില്ല എന്ന് കെ സി ജോസഫിന്റെ വെളിപ്പെടുത്തലിൽ യുഡിഎഫിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഈ വിഷയത്തിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.

സോളാർ കേസിൽ പുനരന്വേഷണം വേണോയെന്ന ചോദ്യത്തിന് അതിൽ നിയമപരമായ ചില പ്രശ്‌നങ്ങളുണ്ട് എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മറുപടി. കേസ് അന്വേഷിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സിബിഐ ആണെന്നും കേസ് അന്വേഷിക്കണമെന്ന തങ്ങളുടെ കത്തിന് പ്രസക്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സോളാർ അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ മൂർച്ഛിക്കുകയാണ്.

ജോപ്പന്റെ അറസ്റ്റ് സംബന്ധിച്ചു വെളിപ്പെടുത്തലിലും, പുനരന്വേഷണം സംബന്ധിച്ചും രൂക്ഷമായ ഭിന്നതയും ആശയക്കുഴപ്പവുമാണ് യുഡിഎഫിൽ നിലനിൽക്കുന്നത്. ഉമ്മൻചാണ്ടി അറിഞ്ഞുകൊണ്ടാണ് ജോപ്പനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു നിയമസഭയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ, അത് തെറ്റാണെന്ന് കെ സി ജോസഫ് ആവർത്തിച്ചു.

പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്റെ അറസ്റ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻചാണ്ടിക്ക് കൊടുത്ത ‘സർപ്രൈസ്’ ആയിരുന്നുവെന്നാണ് കെ സി ജോസഫ് കഴിഞ്ഞദിവസം തിരുവഞ്ചൂരിനെതിരെ ആഞ്ഞടിച്ചത്. ജോപ്പന്റെ അറസ്റ്റ് വിദേശത്തായിരുന്ന മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല. ഇത് യാഥാര്‍ത്ഥ്യമാണ്. ടെനി ജോപ്പന്റെ അറസ്റ്റ് മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണ്. കാരണം അന്ന് ഞാന്‍ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ ബഹറിനിലെ യുഎന്‍ അവാര്‍ഡ് വാങ്ങാന്‍ പോയതായിരുന്നു. അത് കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോഴാണ് ജോപ്പന്റെ അറസ്റ്റ് വിവരം അറിയുന്നത് എന്നായിരുന്നു കെ സി ജോസഫിന്റെ പ്രതികരണം.

ഇതോടെ കലഹം പരസ്യമായി. നേതാക്കൾ ചേരി തിരിഞ്ഞതോടെ യുഡിഎഫിലും കോൺഗ്രസിലും ഒരുപോലെ ആശയക്കുഴപ്പമാണ്. സഭാ സമ്മേളനത്തിൽ യുഡിഎഫ് കൊണ്ടുവന്ന അടിയന്തിരപ്രമേയം സ്വയം തിരിച്ചടിയായതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടൽ.

English Summary: Thiruvanchoor lashesout K C Joseph on Solar case.