സൗദിയിലെ എയർപോർട്ടുകളിലെ സുരക്ഷ വർധിപ്പിക്കും; പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

0
109

സൗദിയിലെ വിമാനത്താവളങ്ങളിൽ സുരക്ഷാ സംവിധാനം ശക്തമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2021ൽ ആരംഭിച്ച ആദ്യ ഘട്ട പദ്ധതിയിൽ നിരവധി സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു. നിലവിലെ സുരക്ഷാ സംവിധാനം ഇരട്ടിയാക്കുന്നതാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്.

2021 ലാണ് വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി സംയോജിത ദേശീയ പദ്ധതിയുടെ ആദ്യം ഘട്ടം ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇപ്പോൾ നീക്കമാരംഭിച്ചു. 24 വിമാനത്താവളങ്ങളിൽ ഏറ്റവും പുതിയ ഇലക്ട്രോണിക് സംയോജിത സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചുകൊണ്ടായിരുന്നു ഒന്നാം ഘട്ടത്തിന് തുടക്കം കുറിച്ചത്. കൂടാതെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തനങ്ങളും സുരക്ഷാ നിരീക്ഷണ കേന്ദ്രങ്ങളും വികസിപ്പിച്ചെടുത്തു.

ഏപ്രണുകളിലേക്കും ഗാർഡ് റൂമുകളിലേക്കുമുള്ള സുരക്ഷാ ഗേറ്റുകൾ, പ്രവേശന, എക്‌സിറ്റ് നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷാ ഗേറ്റുകൾക്കുള്ള നിരീക്ഷണ ക്യാമറകൾ, ഗ്രൗണ്ട് നിരീക്ഷണം എന്നിവയും സജ്ജീകരിച്ചു. എയർപോർട്ടുകളുടെ ചുറ്റുപാടുകളിൽ റഡാർ സംവിധാനവും താപ, ഡിജിറ്റൽ ക്യാമറകളും സ്ഥാപിച്ചതും, എയർപോർട്ട് ഏപ്രണുകൾക്കുള്ളിൽ വാഹന ട്രാക്കിംഗ് ക്രമീകരിച്ചതും ആദ്യ ഘട്ട പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ എയർപോർട്ട് ഏപ്രണുകൾക്ക് ചുറ്റുമുള്ള സുരക്ഷാവേലി പുനഃസ്ഥാപിക്കും. കൂടാതെ അതിന് സമാന്തരമായി പട്രോൾ റോഡ് സ്ഥാപിക്കുകയും, സുരക്ഷാ സംവിധാനങ്ങൾക്കായി പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യും. മാത്രവുമല്ല ഈ ഉപകരണങ്ങളും സംവിധാനങ്ങളും ഏറ്റവും കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കാനും കൈകാര്യം ചെയ്യാനും ആവശ്യമായ പരിശീലനം നൽകുവാനും രണ്ടാം ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നുണ്ട്.